നിലമ്പൂരിലൂടെ സിപിഎം - ബിജെപി ധാരണയുടെ വിളംബരം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൂചനയായി മാറുന്നു. അവിടെ ആര് ജയിക്കുന്നു എന്നതല്ല വിഷയം . തെരഞ്ഞെടുപ്പിൽ ഉരുത്തുരിയുന്ന രാഷ്ട്രീയമായിരിക്കും സൂചനയായി മാറുന്നത്. അതിൻറെ ആദ്യ ലക്ഷണങ്ങൾ തന്നെ ഇപ്പോൾ പ്രകടം. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇപ്പോൾ ഉയർന്നു കേൾക്കുന്നത് അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല എന്നാണ്. അതുതന്നെ സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 12000 വോട്ട് ലഭിച്ചു.പിന്നീട് നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന് നിലമ്പൂരിൽ നിന്ന് 17000 വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് നിലമ്പൂർ മണ്ഡലത്തിൽ ഉറപ്പായി 10000 വോട്ട് ഉണ്ട്. ഈ 10000 വോട്ടും എൽഡിഎഫിന്റെ പെട്ടിയിൽ വീഴുമെന്നാണ് പി വി അൻവർ ഇപ്പോൾ പറയുന്നത്. അൻവറിന്റെ ഈ പ്രസ്താവനയിൽ അവിശ്വസനീയതയുടെ കാര്യമില്ല. അൻവർ പറയുന്നത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 25 മണ്ഡലത്തിൽ ബിജെപി ഇടതുപക്ഷ മുന്നണിയെ സഹായിക്കും.ബിജെപിയുടെ ലക്ഷ്യം ഈ തെരഞ്ഞെടുപ്പിൽ നിയമസഭയിൽ 10 സീറ്റാണ്.സിപിഎം അത് സാധ്യമാക്കണം. ഇതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണ എന്നാണ് അൻവർ പറയുന്നത്.
വളരെ വ്യക്തമാണ് കാര്യങ്ങൾ. കോൺഗ്രസ്മുക്ത ഭാരതത്തിനു വേണ്ടി യത്നിക്കുന്ന ബിജെപി ഒരിക്കലും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്ക് വോട്ട് ചെയ്യില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തുന്നില്ല എന്നു പറയുമ്പോൾ ആ വോട്ട് ആർക്ക് എന്നുള്ളത് വ്യക്തമാണ്. സിപിഎമ്മിനെ സംബന്ധിച്ച് അവർക്ക് പ്രതിരോധവും ന്യായീകരണവും തീർത്താൽ മതി. ബിജെപിയുടെ തീരുമാനത്തിന് തങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത് എന്ന് ചോദിച്ചാൽ മാത്രം മതിയാകും.
നിലമ്പൂരിലൂടെ ബിജെപി തങ്ങളുടെ അണികൾക്കും സിപിഎം അവരുടെ അണികൾക്കും കൃത്യമായ സന്ദേശം നൽകും. അതാണ് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം