അഡ്വ.ശ്യാമിലിയുടെ മുഖം പറയുന്നു മലയാളിയുടെ മനസ്സിൻറെ മൃദുലത മരിച്ചു

വഞ്ചിയൂരിൽ സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ശ്യാമിലി. ശ്യാമിലിയുടെ ഈ അവസ്ഥയെ കേരളത്തിലെ പരമ്പരയായി നടക്കുന്ന മറ്റ് സംഭവങ്ങളുമായി ചേർത്തു വേണം കാണാൻ. പ്രണയം നിഷേധിക്കുന്ന പെൺകുട്ടികളെ കുത്തിയും വെട്ടിയും തീവച്ചും കൊല്ലുന്ന യുവാക്കൾ . കേരളത്തിൻറെ മുഖ്യധാര സമൂഹത്തെ ബാധിച്ചിരിക്കുന്ന മരവിച്ച മനസ്സിൻറെ പ്രതിഫലനം കൂടിയാണ് ഇത്.
സമീപകാലത്ത് ഇറങ്ങുന്ന വിജയിച്ച സിനിമകളിലേക്ക് നോക്കുക. കൊടും ക്രൂരതകളെ അതിൻറെ ഭീകരതയിൽ അവതരിപ്പിക്കുന്നു. അത്തരം സിനിമകൾ വാനോളം പുകഴ്ത്തപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് മലയാളി രക്തത്തിൻറെ ഗന്ധം ഇഷ്ടപ്പെടുന്നു ,ഹിംസയെ ആസ്വദിക്കുന്നു.
ഈ മരവിപ്പാണ് സീനിയർ അഭിഭാഷകൻ അഡ്വ. ബെയ്ലിൻദാസിനെ മോപ്സ്റ്റിക്ക് കൊണ്ട് ഈ യുവതിയുടെ മുഖം തല്ലിച്ചതക്കാൻ പ്രേരിപ്പിച്ചത്. ഈ വിധം മലയാളിയുടെ മനസ്സിനെ മരവിപ്പിക്കുന്നതിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ വിശേഷിച്ചും ചാനലുകൾ മുഖ്യ പങ്കുവഹിക്കുന്നുണ്ട് എന്നുള്ളതും ഓർക്കേണ്ടതാണ്.
ഒരു സ്ത്രീയുടെ മുഖത്ത് ഒരു പുരുഷൻ മറ്റൊരു പുരുഷനെ മർദ്ദിക്കുന്നതുപോലെ ജൈവപരമായി വർദ്ധിക്കാനുള്ള സാധ്യത വിരളമാണ്. അതിൻറെ കാരണം, സ്ത്രീ ശരീരം ആണിൻറെ ശരീരത്തേക്കാൾ മൃദുലമാണ്. ആ മൃദുലത ആണിൽ സൃഷ്ടിക്കുന്ന വൈകാരിക സ്വാധീനമാണ് പൊതുവേ ആണുങ്ങൾ തമ്മിൽ തല്ലുന്നതുപോലെ ആണുങ്ങൾ സ്ത്രീകളെ മർദ്ദിക്കുന്ന സംഭവം വിരളമാകാൻ കാരണം . ആ മൃദുലതയാണ് മലയാളിക്ക് ഇപ്പോൾ മരിച്ചിരിക്കുന്നത്.