ജീവിതത്തെ അടിമുടി മാറ്റാൻ ഗൂഗിൾ ഐ /ഒ 25 കീ നോട്ട്

നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന പുത്തൻ എ ഐ ടൂളുകളുടെ അവതരണ പ്രഖ്യാപനമാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ നടത്തിയിരിക്കുന്നത്. ഗൂഗിൾ ഐ/ഒ 25 കീനോട്ട് എന്ന പേരിലാണ് സന്ദർ പിച്ചെയും കൂട്ടരും പുത്തൻ സംവിധാനങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്.
ജമിനൈ സീസൺ ഓരോ ദിവസവും എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിച്ചെയുടെ തുടക്കം. ഐ / ഒ ഗൂഗിളിന്റെ പുത്തൻ ടൂളുകളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഏത് ഗാഡ്ജറ്റുമായി അനായാസം ഇൻപുട്ട് ഔട്ട്പുട്ട്(ഐ ഒ)നടത്താൻ പ്രാപ്തമായവയാണ് അവതരിപ്പിക്കപ്പെട്ട എല്ലാ സങ്കേതങ്ങളും . അതോടൊപ്പം ഓരോ വ്യക്തിക്കും അവരുടെ നിലയിൽ വ്യക്തിപരമാക്കി പരുവപ്പെടുത്താനുള്ള സാധ്യതയും .
ചെറിയ ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനം ,ഗവേഷണം ,രോഗനിർണയം കളികൾ ,സാധനം വാങ്ങൽ തുടങ്ങി നമ്മുടെ സാധാരണ ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളെയും നിറവേറ്റുക മാത്രമല്ല അവയെ സംയോജിപ്പിച്ച് നമ്മളുടെ സ്വഭാവത്തിനും സൗകര്യത്തിനും ഇവ പെരുമാറുന്നു. ഇപ്പോഴും ഓൺലൈനിൽ നമുക്ക് വസ്ത്രങ്ങൾ വാങ്ങുന്നത് ശീലമുള്ള കാര്യമാണ്. എന്നാൽ ഇതിനകം തന്നെ അമേരിക്കയിൽ ഗൂഗിൾ കീ നോട്ടിനുശേഷം അവതരിപ്പിച്ച ഒരു ആപ്പ് വഴി ഒരു വസ്ത്രം തിരഞ്ഞെടുക്കുന്നതിന് അനന്തസാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്. ഉദാഹരണമായി ഒരു വസ്ത്രം നമുക്ക് ഇഷ്ടപ്പെട്ടു എങ്കിൽ അത് സെലക്ട് ചെയ്തു കൊടുത്തുകഴിഞ്ഞാൽ ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ആ വസ്ത്രം ഇട്ടു നിൽക്കുന്ന നമ്മൾ ഫുൾ സ്ക്രീനിൽ തെളിയുന്നു. അതിടുമ്പോൾ നമ്മുടെ ഷേപ്പിന് ചേർച്ച, പകരുന്ന ഊർജ്ജം എല്ലാം നേരിട്ട് കാണാം.ഒരു തുണി കടയിൽ പോയി എടുത്ത് ഫിറ്റിംഗ് റൂമിൽ നിന്ന് മനസ്സിലാക്കുന്നതിനേക്കാൾ വിശദമായി ബോധ്യപ്പെടുന്നു.
കീനോട്ടിൽ അവതരിപ്പിച്ച മറ്റൊന്നാണ് ഏജൻറ്. ഈ ഏജൻറ് പ്രവർത്തിക്കുന്നത് ഇങ്ങനെയാണ് . നമ്മൾ ഒരു കുപ്പായം വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിന് നമ്മളുടെ ബജറ്റ് എത്രയാണെന്ന് കൊടുക്കുക. ഒരുപക്ഷേ ആവസ്ത്രം തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ബജറ്റിനേക്കാൾ മുകളിലായിരിക്കും അതിൻറെ വില. ഏജന്റിനെ ഏൽപ്പിച്ചു കഴിഞ്ഞാൽ ആ പ്രത്യേക ഇനത്തിന് എപ്പോഴാണ് ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നത് അല്ലെങ്കിൽ നമ്മളുടെ ബജറ്റിലേക്ക് അതിൻറെ വിലയെത്തുന്നത് അപ്പോൾ ഏജൻറ് നമ്മളെ അറിയിക്കുകയും ഓക്കേ പറയുകയാണെങ്കിൽ ആ വസ്ത്രം വാങ്ങുകയും ചെയ്യുന്നു.
ഏജന്റിന്റെ അവതരണം ഇതിൽ മാത്രം ഒതുങ്ങുന്നതല്ല നാം ഇടപെടുന്ന തൊഴിൽ മേഖലയിലും സ്വകാര്യ ആവശ്യങ്ങളുടെ കാര്യത്തിലും എല്ലാം ഏജൻറ് ഒരു വ്യക്തിയെ പോലെ നമ്മുടെ ആവശ്യങ്ങൾ അനുസരിച്ച് ഔചിത്യപൂർവ്വം ബുദ്ധിപൂർവ്വവും സഹായിക്കുന്നു.
മറ്റൊരു വിപ്ലവകരമായ സങ്കേതം അവതരിപ്പിച്ചിരിക്കുന്നത് ഫ്ലോ ആണ്. ഹോളിവുഡ് സിനിമ ഉൾപ്പെടെ മാറ്റിമറിക്കുന്നതാവും ഫ്ലോ .മോഹൻലാലിനെക്കു മഞ്ജു വാര്യരെയും പോലുള്ള ജീവസ്സുറ്റ കഥാപാത്രങ്ങൾ നാം പറഞ്ഞു കൊടുക്കുന്ന പശ്ചാത്തലത്തിൽ അഭിനയിച്ച് സിനിമയുടെ ഭാഗം തീർക്കുന്നു. അത്തരത്തിൽ ഒരു സിനിമ പൂർത്തിയാകുമ്പോൾ അത് നിർമ്മിത ബുദ്ധി ചെയ്തതാണെന്ന് തോന്നാത്ത വിധമുള്ളതായിരിക്കും. അത്രയ്ക്ക് യാഥാർത്ഥ്യവുമായി ചേർന്നുനിൽക്കുന്നത്.
ഇപ്പോൾതന്നെ അമേരിക്കയിൽ ട്രയലിന് ലഭ്യമാക്കിയിട്ടുള്ള ഫ്ലോ ഈ വർഷം അവസാനത്തോടെ ഇന്ത്യയുൾപ്പെടെ ലോകത്തിന് ലഭ്യമാകും. ഫ്ലോ ഒട്ടേറെ വെല്ലുവിളികളും ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.കാരണം യാഥാർത്ഥ്യമായ ദൃശ്യങ്ങൾ ഏത് കൃത്രിമമായ ദൃശ്യങ്ങൾ ഏത് എന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാകുന്ന ഒരു നിലയുണ്ടാകും. ഇത് വാർത്തകളെ സംബന്ധിച്ച ആവുമ്പോൾ വളരെയധികം വെല്ലുവിളികളാണ് ഉയർത്തുന്നത്. വിശേഷിച്ചും മത തീവ്രവാദവും മറ്റുമൊക്കെ ഉച്ചസ്ഥായിയിൽ ലോകത്ത് നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ .
' ഒരു കാര്യം ഉറപ്പാണ്. 2025ന്റെ അവസാനം തൊട്ട് നിലവിലുള്ളതായിരിക്കില്ല മനുഷ്യരുടെ ജീവിതരീതി .