മുഖ്യമന്ത്രിയിലുള്ള വിശ്വാസ്യത നഷ്ടമാകുന്നത് ഇങ്ങനെ

മനുഷ്യർ കൈകാര്യം ചെയ്യുന്നതില്‍ എവിടെയും തെറ്റുകൾ പറ്റാം. പറ്റിയ തെറ്റുകൾ തിരുത്തുക എന്നുള്ളത് മാത്രമാണ് ഏറ്റവും അനുയോജ്യമായ നടപടി . മറിച്ച് പറ്റിയ തെറ്റ് , തങ്ങളുടെ കുഴപ്പം കൊണ്ടല്ല എന്ന് വരുത്തി തീർത്ത് ന്യായീകരിക്കുന്നത് സംഭവിച്ച തെറ്റിനേക്കാൾ ഗുരുതരമായ വീഴ്ചയാണ്.
അകാരണമായി കള്ളക്കേസിൽ കുടുക്കി കേസെടുത്തു എന്ന യുവതിയുടെ പരാതിയിൽ നടപടി എടുക്കുന്നതിന് താമസം ഉണ്ടായിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ പച്ചമലയാളത്തിൽ പറഞ്ഞാൽ കളവ് തന്നെ . മാധ്യമശ്രദ്ധ ആകർഷിച്ചതിനെതുടർന്നാണ് ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടായത്. അകാരണമായി തന്നെ മോഷണക്കേസിൽ പെടുത്തി കേസെടുത്തു എന്നു പറഞ്ഞാണ് ഈ ദളിത് യുവതി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണുന്നത്. ഒരു ദളിത് യുവതി ഇത്തരത്തിൽ ഒരു പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തണമെങ്കിൽ അവരുടെ ഭാഗത്ത് ചെറിയ നീതി ഉണ്ടാകാതിരിക്കാൻ സാധ്യതയില്ല എന്ന അറിവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ പതിവുപോലെ നോക്കാം പിന്നെ അറിയിക്കാം എന്ന മറുപടിയിലൂടെ അവരെ ഒഴിവാക്കി.
താൻ കുറ്റം ചെയ്തിട്ടില്ല എന്ന അറിവിൻറെ ഉറപ്പിൽ ആയിരിക്കാം പിന്നീട് അവർ മാധ്യമങ്ങളെ സമീപിച്ചത്. അവർ തലസ്ഥാന നഗരിയിലെ ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനം അവരുടെ വ്യക്തിപരമായ മാത്രം വിഷയവുമല്ല. അത് സൂചിപ്പിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തന രീതി കൂടിയാണ്. ഈ സംവിധാനത്തിലേക്കാണ് ഓരോ മലയാളിയും നീതി പ്രതീക്ഷിച്ചു കയറി ചെല്ലേണ്ടത്.
ഇവിടെ തൻറെ ഓഫീസിന് ഒരു ചെറിയ ശ്രദ്ധക്കുറവ് പറ്റി എന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കാമായിരുന്നു.ഒപ്പം അത് തിരുത്തുകയും അത്തരത്തിൽ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമെന്നും സൂചിപ്പിക്കാമായിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസ്യതയുണ്ടാവുക. ഈ വിശ്വാ സ്വതയാണ് ജനായത്ത സംവിധാനത്തെ കരുപ്പിടിപ്പിക്കുന്നതും സംവിധാനത്തെ ശക്തമാക്കുന്നതും.
എല്ലാവർക്കും അറിയാം മുഖ്യമന്ത്രി നടത്തുന്ന ന്യായീകരണം വസ്തുതാവിരുദ്മാണെന്ന് . എന്തു ഉദ്ദേശത്തിനു വേണ്ടിയാണോ മുഖ്യമന്ത്രി ഇത്തരത്തിൽ ന്യായീകരിക്കുന്നത് യഥാർത്ഥത്തിൽ ജനമനസ്സുകളിൽ അതിൻറെ വിപരീത ബോധ്യമാണ് ഉണ്ടാകുന്നതും ഉറയ്ക്കുന്നതും.