അം അ : കാണേണ്ട സിനിമ

വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എന്നാൽ ശ്രദ്ധിക്കേണ്ടിയിരുന്ന സിനിമയാണ് അം അ : . ഇപ്പോൾ പ്രൈം വീഡിയോ പ്ലാറ്റ് ഫോമിൽ ലഭ്യം.വാടക ഗർഭപാത്രത്തെ ആധാരമാക്കിയുള്ളതാണ് ഈ സിനിമ . ദശാബ്ദങ്ങൾക്ക് മുമ്പ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദശരഥം എന്ന ചിത്രവും ഈ പ്രമേയം തന്നെയാണ് കൈകാര്യം ചെയ്തത്. അതിൽ ഒരു കേന്ദ്ര വികാരം മാത്രമാണ് മുഖ്യ വിഷയമായത്. വാടകയ്ക്ക് ഗർഭപാത്രം നൽകിയ യുവതിക്ക് തനിക്ക് ജനിച്ച കുഞ്ഞിനെ പിരിയാൻ പറ്റാത്തതിലുള്ള മാതൃ ദുഖം.
എന്നാൽ അം അ : കൈകാര്യം ചെയ്യുന്നത് മനുഷ്യമനസ്സിന്റെ വൈവിധ്യമാർന്ന തലങ്ങൾ. അതിൽ നിസ്സഹായത, ക്രൂരത, ദൈന്യത, മാതൃത്വത്തിന്റെ ശക്തി, ശക്തിയില്ലായ്മ,സാഹചര്യങ്ങൾ വ്യക്തിയിൽ ഉണ്ടാക്കുന്ന വൈകാരികവ്യതിയാനങ്ങൾ, ഗതികേടുകൾ, ഒരു കുഞ്ഞിനെ സ്വന്തമാക്കാനുള്ള സ്ത്രീയുടെ കൊതിയും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം, പേടിയും പേടിയില്ലായ്മയും തുടങ്ങി അനവധി വൈകാരിക തലങ്ങളിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നത്.
ഈ സിനിമയുടെ ഒന്നാം പകുതിയിൽ ഒരു കഥാതന്തുവിൻ്റെ തുണയില്ലായ്മ അനുഭവപ്പെട്ടു. അത് അല്പം വിരസതയും സൃഷ്ടിച്ചു. എന്നാൽ രണ്ടാം പകുതി വളരെ കയ്യൊതുക്കത്തോടെ മനോഹരമായ ദൃശ്യാവിഷ്ക്കരണത്തോടെ വന്നിട്ടുണ്ട്. യഥാർത്ഥത്തിൽ രണ്ടാം പകുതി മാത്രമേ സിനിമയുള്ളൂ. ഒരു കഥാതന്തുവിലൂടെ ഒന്നാം പകുതിയും അതുപോലെ കൊണ്ടുപോയി രണ്ടാം പകുതിയുമായി ചേർത്തിരുന്നുവെങ്കിൽ അതിഗംഭീരമായ ഒരു ചലച്ചിത്രമായി ഇത് മാറുമായിരുന്നു. രണ്ടാം പകുതിക്ക് വേണ്ടി ഒന്നാം പകുതി കണ്ടാലും ഒട്ടും നഷ്ടബോധം കാഴ്ചക്കാർക്ക് വരില്ല എന്നുള്ളത് ഉറപ്പാണ്.
രണ്ടാം പകുതി നന്നായി ആസ്വദിക്കാവുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തനും ഇടുക്കി ജാഫറും ടി ജി രവിയും ഒക്കെ കഴിഞ്ഞാൽ കാര്യമായ താരനിരയൊന്നും ഇല്ല. ഒന്നാം പകുതിയിലാണ് ദിലീഷ് പോത്തിന്റെ കൂടുതൽ സാന്നിധ്യം. ആസ്വാദ്യമായ രണ്ടാം പകുതി നീങ്ങുന്നത് കഥയിലൂടെ മാത്രം . ശക്തമായ കഥയും അതിൻറെ ആവിഷ്കരണവും ഉണ്ടെങ്കിൽ നല്ല സിനിമകൾക്ക് സാധ്യതയുണ്ടെന്നും രണ്ടാം പകുതി വ്യക്തമാക്കുന്നുണ്ട്.
ഒരു സിനിമയുടെ മജ്ജയും മാംസവും സൗന്ദര്യവും ഒരുക്കി എടുക്കുന്നത് അതിൻറെ തിരക്കഥയാണ് . ആ തിരക്കഥയിലാണ് ഒന്നാം പകുതി ദുർബലമായി പോയത്. തോമസ് കെ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അ : കാപി പ്രൊഡക്ഷൻസാണ് നിർമ്മിച്ചിട്ടുള്ളത്. ദേവദർശിനി,മീരാ വാസുദേവ് എന്നിവരാണ് ഇതിലെ രണ്ടാം പകുതിയിൽ ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ളത്