Skip to main content

മോഡേണ്‍ വിസ്ഡം അന്ഷ്യന്റ്റ് റൂട്സ് = Profound wisdom for today's busy thinkers.

Glint Staff
Dr. Sreekumar Rao;s Modern Wisdom Ancient Roots
Author Image
Suresh Sekharan
Glint Staff
Author Name:
Suresh Sekharan

ശ്രീകുമാർ റാവു എഴുതിയ "മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്"  എന്ന പുസ്തകത്തിൻ്റെ പുറകിലത്തെ കവർപേജിൽ പുസ്തകത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. തീർച്ചയായും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്ന ഒരു പുസ്തകമാണിത്  ആധുനിക കാലത്തിൻ്റെ ദൈനംദിന സംഘർഷങ്ങൾ പരിഹരിക്കാൻ സനാതനമായ ആത്മീയോപദേശങ്ങൾ എങ്ങനെ ഫലവത്തായി ഉപയോഗിക്കാമെന്ന് കുഞ്ഞുകുഞ്ഞദ്ധ്യായങ്ങളിലൂടെ ശ്രീ റാവു കാട്ടിത്തരുന്നു.

ജീവിതത്തിൽ,   മന:ശാന്തി, സംതൃപ്തി, ലക്ഷ്യബോധം എന്നിവ കണ്ടെത്താൻ റാവു വേദാന്തം, ബുദ്ധമതം, താവോയിസം എന്നിവയിൽ നിന്ന് ആശയങ്ങളുൾക്കൊള്ളുന്നു. സന്തോഷം  പുറമെ  തേടേണ്ട ഒന്നല്ലെന്നും ,  മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റം വരുത്തുന്നതിലൂടെ നേടാൻ കഴിയുന്ന ഒരു സഹജാവസ്ഥയാണെന്നുമാണ്  ഈ  പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാനാശയം.

ഈ പുസ്തകത്തിലുടനീളം, സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണ പരമഹംസർ, രമണ മഹർഷി, ലാവോ ത്സു തുടങ്ങിയ  ഗുരുക്കന്മാരെ റാവു പരാമർശിക്കുന്നു. അവരുടെ കാലാതീതമായ ജ്ഞാനം, ലളിതമായ  ചില എക്സർസൈസുകളിലൂടേയും ധ്യാനത്തിലൂടേയും  ചിന്തകളിലൂടെയും ജീവിതത്തിൽ എങ്ങനെ പകർത്താം എന്നദ്ദേഹം കാണിച്ചു തരുന്നു.   ഇന്നത്തെ അതി സങ്കീർണ്ണവും സമ്മർദ്ദ പൂരിതവുമായ  ജീവിത സാഹചര്യങ്ങളിലും പുരാതന തത്ത്വചിന്തകൾ എത്രമാത്രം പ്രസക്തമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. 


ലളിതമായി  എഴുതിയിരിക്കുന്ന "മോഡേൺ വിസ്ഡം, ഏൻഷ്യന്റ് റൂട്ട്‌സ്" ഒരു തവണ മാത്രം  വായിക്കാനുള്ള പുസ്തകമല്ല   വീണ്ടും വീണ്ടും  തിരികെയെത്തി സംശയം തീർക്കാനുതകുന്ന  വഴികാട്ടിയാണ്. 

യഥാർത്ഥ ക്ഷേമം ഉള്ളിൽ നിന്നാണുയിർക്കുന്നത്.   കാലാതീതമായ പാഠങ്ങൾ  സ്വായത്തമാക്കുന്നതിലൂടെ  ഒരാൾക്ക് കൂടുതൽ ആർജവത്തോടെയും  ആനന്ദത്തോടെയും ജീവിതം  നയിക്കാനാവുമെന്നതിൻ്റെ സൗമ്യവും എന്നാൽ ശക്തവുമായ ഓർമ്മപ്പെടുത്തലാണീ പുസ്തകം.

ശ്രീകുമാർ റാവു ലോക പ്രശസ്തനായ ലൈഫ് കോച്ചും എം.ബി.എ പ്രൊഫസറുമാണ്.