'റിയാന്റെ കിണര്‍'

എറണാകുളത്തപ്പന്‍ ഗ്രൌണ്ടിലെ പുസ്തകോത്സവത്തിനു പോയപ്പോള്‍ ഒരു കൊച്ചു ബാലന്റെ മുഖചിത്രമുള്ള ഒരു പുസ്തകം കണ്ണില്‍ പെട്ട്. അബ്ദുള്ളക്കുട്ടി എടവണ്ണയുടെ ‘റിയാന്റെ കിണര്‍’ എന്ന പുസ്തകം. 8 വയസ്സുകാരന്‍ എന്റെ കൊച്ചുമകന് മലയാളം വായിക്കാന്‍ കൊടുക്കാമെന്ന് കരുതിയാണ് ഞാനാ പുസ്തകം വാങ്ങിയത്. പക്ഷെ ഒന്ന് മറിച്ചുനോക്കിയപ്പോള്‍ ഒറ്റയിരുപ്പിനു ആ പുസ്തകം വായിച്ചു തീര്‍ത്തു.
ലളിതവും സുഖകരവുമായി പറഞ്ഞിരിക്കുന്ന ആ കഥ, ഒരു യഥാര്‍ത്ഥ സംഭവം ആണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.
1988 ഇല്‍ കാനഡയിലെ ഒന്നാം ക്ലാസ്സിലെ മിസ്പ്രേസ്റ്റ് എന്ന ടീച്ചര്‍ ആഫ്രിക്കയിലെ ജനത അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ച്, ‘ 70 ഡോളര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു കിണര്‍ ഉണ്ടാക്കിയേനെ. കുട്ടികളെ, ഇന്ന് ആഫ്രിക്ക തുടങ്ങിയ പല സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാനേയില്ല’ എന്നെല്ലാം പറഞ്ഞപ്പോള്‍ കൊച്ചുറിയാനില്‍ ഉണ്ടിക്കിയ ആഗ്രഹം, പിന്നെ അവന്‍റെ അച്ഛന്റെ പ്രോത്സാഹനം എല്ലാം മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയിലെ ഉഗാണ്ടയില്‍ ഒരു കുഴല്‍കിണര്‍ കുഴിക്കുന്നതില്‍ എത്തിചെന്നത് വായിക്കുന്നത് വളരെ ആവേശകരം തന്നെ. വളരെ അടുക്കോടെയും രസകരവുമായ ആഖ്യാനവും ശ്രദ്ധേയമായമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെയും ടീച്ചര്‍മാരുടെയും നല്ല ഇടപെടല്‍ എങ്ങനിനെ സ്വാധീനിക്കുന്നു എന്നതും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
റിയാന്റെയും ആഫ്രിക്കക്കാരന്‍ ജിമ്മിയുടെയും ചങ്ങാത്തവും എല്ലാം ഭംഗിയായി എഴുതിയിരിക്കുന്നു
കൊച്ചു റിയാന്റെ സ്വപ്നം ‘ഭൂമിയിലുള്ള എല്ലാവർക്കും ശുദ്ധജലം ലഭ്യമാകുന്ന ദിവസം ഞാൻ സ്വപ്നം കാണുന്നു. അതൊരു വലിയ സ്വപ്നമാണെന്ന് എനിക്കറിയാം. എന്നാൽ ആത്മാർഥമായ ആഗ്രഹവും കഠിനപരിശ്രമവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് ഞാൻ പഠിച്ചു.’
ലോകത്തിലെ വെള്ളം മുഴുവന്‍
ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍
ഒരു ടീസ്പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍
പറ്റാവുന്നതുണ്ടാകൂ… -റിയാന്‍
6 വയസ്സുകാരന്‍റെ നിശ്ചയദാര്‍ഢ്യം, കൂടെ അവന്‍റെ മാതാപിതാക്കളുടെ പിന്തുണ, നല്ല അധ്യാപിക ഇതെല്ലം കൂടിയാല്‍ കുട്ടികള്‍ ഈ ലോകത്തെ സ്വര്‍ഗമാക്കും എന്ന് നമ്മള്‍ക്ക് കാണിച്ചു തരുന്നു. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന പ്രചോദനാത്മകമായ ജീവചരിത്രം നമ്മള്‍ക്ക് സമ്മാനിച്ചതിന് കഥാകൃത്ത് അബ്ദുള്ളക്കുട്ടിയോടും മാതൃഭൂമി ബുക്സ്നും നമസ്കാരം