സാധാരണക്കാർക്കും ജീവിതം ലളിതമാക്കാൻ ഉതകുന്ന ഡിസൈൻ കൈപ്പുസ്തകം

ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കും അതേപോലെ ഡിസൈൻ വിദ്യാർത്ഥികൾക്കും കൈപ്പുസ്തകം പോലെയാണ് ഡോൺ നോർമാൻ എന്ന ലോകപ്രശസ്ത ഡിസൈനറുടെ 'ഡിസൈൻ ഓഫ് എവരിഡെ തിംഗ്സ്'.
എന്നാൽ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ച് ഈ പുസ്തകം പുതിയ വെളിച്ചങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. നാം രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടന്നുറങ്ങുന്നത് വരെ എന്തെല്ലാം പ്രക്രിയകളിൽ ഏർപ്പെടുന്നു. അവയിൽ ഏതെല്ലാം പ്രക്രിയകൾ നമ്മൾ അബോധ പൂർവ്വമായി ചെയ്യുന്നു.അങ്ങനെ ചെയ്യപ്പെടുന്നവയിൽ തന്നെ എത്രത്തോളം അസൗകര്യങ്ങൾ നിറഞ്ഞതുണ്ട്.ആ അസൗകര്യങ്ങൾ നിറഞ്ഞ പ്രക്രിയകളിൽ ഏർപ്പെടുമ്പോൾ നമ്മളുടെ ഉപബോധമനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്ത്. അവിടെ ഉറച്ചു പോകുന്ന കാര്യങ്ങളെന്ത്? അതിൽനിന്ന് പുറത്തുവരേണ്ടതിന്റെ ആവശ്യകത.നിസ്സാരമായ അത്തരം കാര്യങ്ങളിലൂടെ വ്യക്തിയുടെ ജീവിതത്തെ അനായാസവും അതോടൊപ്പം തന്നെ ബോധപൂർവ്വമായ ഒരു തലത്തിലേക്ക് കൊണ്ടുവരുന്നതിന് ഈ പുസ്തകം വളരെയധികം സഹായിക്കുന്നു.
ഇത് വായിക്കുന്ന ഓരോ വ്യക്തിക്കും വ്യത്യസ്തമായ അനുഭവങ്ങൾ ആയിരിക്കും ലഭിക്കുക. പൊതുവായ ഒട്ടേറെ കാര്യങ്ങൾ ഇതിൽ പറയുമ്പോൾ പോലും. ഉദാഹരണത്തിന് ഒരു ഫ്രിഡ്ജിന്റെ ഓപ്പറേഷനിലെ രീതികൾ അവ മാറുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം. ഡോൺ നോർമൻ ഇതിലെ സൂക്ഷ്മ തലങ്ങൾ പറയുമ്പോഴാണ് നമ്മൾ കൗതുകത്തോടെ ഒരു പുതിയ അറിവിലേക്ക് പ്രവേശിക്കുന്നത്.
രണ്ട് തലങ്ങളിലൂടെയാണ് ഈ പുസ്തകത്തിൻറെ സഞ്ചാരം . അതുകൊണ്ടാണ് സാധാരണ മനുഷ്യർക്കും ഇത് പുതുവെളിച്ചം വീശുന്നത്. ഒന്ന് മനുഷ്യൻറെ ഉപബോധമനസ്സിന്റെ തലത്തിലൂടെ. നമ്മുടെ മസ്തിഷ്കത്തിന്റെ ഒട്ടുമിക്ക പ്രവൃത്തികളും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ഉപബോധമനസ്സാണ്. അതോടൊപ്പം തന്നെ ദൈനംദിന ജീവിതത്തിൽ നമ്മൾ ലൈറ്റിന്റെ സ്വിച്ച് ഇടുന്നത് , കോഫീജഗ്ഗ് ഉപയോഗിക്കുന്നത്, കതകിന്റെ പൂട്ട്, മേശയും കസേരയും തുടങ്ങി മനുഷ്യൻ ദൈനംദിന ജീവിതത്തിൽ ഏർപ്പെടുന്ന കാര്യങ്ങളിലൂടെയുള്ള ഇടപെടൽതലം. എങ്ങനെ കാര്യങ്ങൾ നടക്കുന്നു.അവ എങ്ങനെ നിയന്ത്രിതമാകുന്നു.മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ഇടപെടീൽ.ഇതിലൂടെയൊക്കെ മനുഷ്യ ജീവിതത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നത് എങ്ങനെ എന്നുള്ള വ്യക്തമാക്കലും ഒപ്പം അന്വേഷണവുമാണ് ഈ പുസ്തകത്തിൽ.
ഡിസൈൻ മേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കും ഈ പുസ്തകം അസാധാരണമായ വഴികാട്ടിയാണെന്ന് നിസംശയം പറയാം.