യുറോപ്പ് യുദ്ധഭീതിയിൽ

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ ജനതയ്ക്ക് മുന്നറിയിപ്പ് സന്ദേശം നൽകിയിരിക്കുന്നു.യുദ്ധമോ അതുപോലുള്ള അടിയന്തര പ്രതിസന്ധികൾ ഉണ്ടായാൽ 72 മണിക്കൂർ അതിജീവിക്കാൻ പോകുന്ന വിധം അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ബാഗ് തയ്യാറാക്കി വയ്ക്കാനാണ് യൂറോപ്പിലെ 45 കോടി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്രാൻസ് തങ്ങളുടെ പൗരന്മാർക്ക് എങ്ങനെയാണ് യുദ്ധവും അതുപോലുള്ള അടിയന്തര ഘട്ടങ്ങളിലും പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് ഒരു മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നു. ജർമ്മനി ആകട്ടെ ദേശവാസികളോട് തങ്ങളുടെ സ്റ്റോർ മുറികളും അതുപോലുള്ള സ്ഥലങ്ങളും സെല്ലാറുകളാക്കി മാറ്റാനും ഉപദേശിച്ചിരിക്കുന്നു.പോളണ്ട് ഇതിനകം അത്തരം നടപടികളിലേക്ക് നീങ്ങി കഴിഞ്ഞു.
റഷ്യ- ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിലും അമേരിക്ക ഒറ്റയ്ക്ക് നീങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിൻ്റെയും പശ്ചാത്തലത്തിലാണ് യൂറോപ്പ് യുദ്ധഭീതിയിലേക്ക് നീങ്ങിയിരിക്കുന്നത്. തങ്ങളുടെ സുരക്ഷയ്ക്ക് അമേരിക്ക ഒപ്പം ഇല്ലെങ്കിൽ കാര്യങ്ങൾ പരുങ്ങലിൽ ആകുമെന്ന് യൂറോപ്യൻ യൂണിയന് നല്ല ബോധ്യമുണ്ട്. അമേരിക്ക തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ എല്ലാം പ്രതിരോധ ചെലവ് രണ്ട് ശതമാനത്തിൽ താഴെയായിരുന്നു.അതുകൊണ്ടുതന്നെ യൂറോപ്പിന്റെ പ്രതിരോധ സംവിധാനങ്ങൾ എല്ലാം ദുർബലവും.
അമേരിക്കയിൽ ട്രംപിന്റെ വരവോടെ ലോകക്രമം മാറുകയും ചെയ്യുന്നു. ട്രംപ് പരസ്യമായി യൂറോപ്പിനൊപ്പമല്ല എന്നു പറഞ്ഞിട്ടില്ലെങ്കിലും യൂറോപ്പിൻ്റെ സുരക്ഷയ്ക്ക് അമേരിക്കയ്ക്ക് കാശ് ചെലവഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ട്രംപ് റഷ്യയുമായി ചേർന്നു നീങ്ങുന്ന സാഹചര്യവുമാണ് വികസിച്ചു വരുന്നത്. ഇതാണ് യൂറോപ്പിനെ മൊത്തത്തിൽ യുദ്ധ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.