Skip to main content

പാകിസ്താന്റെ സിന്ധു പ്രവിശ്യയും വിഭജനത്തിലേക്ക്

Glint Staff
Sindh in Pakisthan
Glint Staff

പാകിസ്താന്റെ സിന്ധ് പ്രവിശ്യയും പാകിസ്ഥാനിൽ നിന്ന് വിഭജിക്കപ്പെടാൻ പോകുന്നു. സിന്ധു നാഷണലിസ്റ്റ് പ്രവർത്തകർ ദിവസങ്ങളായി തുടരുന്ന അക്രമാസക്തമായ സമരം നീളുകയാണ്. സിന്ധു നദിയിലെ ജലം കനാൽ വെട്ടി പഞ്ചാബിലേക്ക് കൊണ്ടുപോകാനുള്ള പാകിസ്ഥാൻ പട്ടാളത്തിന്റെ ശ്രമത്തെ തുടർന്നാണ് തെരുവിലിറങ്ങിയത്. "പാകിസ്ഥാൻ ഞങ്ങളുടെ ശത്രു" എന്ന മുദ്രാവാക്യവും മുഴക്കിയാണ് പ്രക്ഷോഭകർ രംഗത്തുള്ളത്.
      ശനിയാഴ്ച വൈകിട്ട് പ്രസിഡൻറ് ആസിഫ് സർദാരിയുടെ മകൾ ആസിഫ ഭൂട്ടോ സർദാരിയുടെ അകമ്പടി വാഹനങ്ങൾ പ്രക്ഷോഭകർ തല്ലിത്തകർത്തു. കഷ്ടിച്ചാണ് ആസിഫ ഭൂട്ടോ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.സിന്ധിലെ ജാംഷറോയിൽ വെച്ചാണ് ആസിഫയുടെ നേരെ ആക്രമണം ഉണ്ടായത്.
        ഇന്ത്യാ-പാകിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന സിന്ധു പ്രവിശ്യക്കാരുടെ ആവശ്യമാണ് പാകിസ്ഥാനിൽ നിന്നുള്ള മോചനം.പല സന്ദർഭങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്. സിന്ധു നദി ജലം തിരിച്ചു വിടുകയാണെങ്കിൽ തങ്ങളുടെ ജീവിതം തകരാറിലാകും എന്ന തിരിച്ചറിവാണ് സിന്ധ് കാരെ  വിമോചന നീക്കവുമായി രംഗത്തെത്തിച്ചിരിക്കുന്നത്. ബലൂചിസ്ഥാൻ  ലിബറേഷൻ ആർമി ചില ജില്ലകൾ പിടിച്ചെടുക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലവും സിന്ധു നാഷണലിസ്റ്റ് പ്രവർത്തകർക്ക് പ്രചോദനമായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പ്രക്ഷോഭകർക്ക് നേരെ നടന്ന പാകിസ്ഥാൻ പട്ടാളത്തിന്റെ വെടിവെപ്പിൽ സിന്ധിൽ രണ്ടുപേർ മരിച്ചിരുന്നു.അതും പ്രക്ഷോഭത്തെ അക്രമാസക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.
        പാകിസ്ഥാൻ പട്ടാളം പഞ്ചാബിൽ ആരംഭിക്കുന്ന കോർപ്പറേറ്റ് കൃഷി സംരംഭത്തിന് വേണ്ടി വെള്ളം എത്തിക്കുന്നതിനാണ് സിന്ധുവിൽ നിന്ന് കനാൽ വെട്ടാൻ പദ്ധതി ആവിഷ്കരിച്ചത്.പ്രക്ഷോഭത്തെ തുടർന്ന് തൽക്കാലം അത് നിർത്തിവെച്ചിരിക്കുകയാണ്.