മകനെ പോലീസിലേൽപ്പിച്ച അമ്മ മഹത്വവത്കരിക്കപ്പെടുമ്പോൾ

ഒരമ്മ മയക്കുമരുന്നിന് അടിമയായ തൻ്റെ മകനെ പോലീസിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു. അത് അമ്മയുടെ മാതൃകാ നടപടി എന്ന രീതിയിൽ മഹത്വവത്ക്കരിക്കപ്പെടുന്നു. ഇത് പൈങ്കിളി വത്ക്കരിക്കപ്പെട്ട അൽപ്പദൃഷ്ടി മൂലമാണ്. ഇവിടെ ഒരമ്മയുടെയും മകൻ്റെയും ഗതികേടാണ് കാണുന്നത്. രാഹുൽ എന്ന ഈ അമ്മയുടെ മകൻ 15-ാം വയസ്സിൽ ലഹരി ഉപയോഗം തുടങ്ങി. അസ്വസ്ഥമായ കേരളത്തിലെ അമ്മമാരുടെയും അവരുടെ മക്കളുടെയും പ്രതിനിധികളാണ് ഇവർ. കുടുംബാന്തരീക്ഷം സംഘർഷം നിറഞ്ഞതും കുടുംബഭാരം മുഴുവൻ സ്ത്രീകളുടെ മേൽ വന്നു ചേരുകയും ചെയ്യുന്നു. നല്ലൊരു ശതമാനം ഉന്നത ബിരുദധാരികളും ഉന്നത ഉദ്യോഗസ്ഥകളുമായ സ്ത്രീകൾ മുതൽ ദിവസക്കൂലി ചെയ്യുന്നവരുടെ വരെ അവസ്ഥയിതാണ്. കുടുംബസംവിധാനം പൊട്ടിത്തെറിയിൽ.അഞ്ചാറു വയസ്സുവരെ സന്തോഷത്തിൽ മാത്രം വളരേണ്ട കുഞ്ഞുങ്ങൾ പരിചയപ്പെടുന്ന ലേകം സംഘട്ടനത്തിൻ്റെയും സംഘർഷത്തിൻ്റെയും. അവരറിയാതെ മാധ്യമങ്ങളിലൂടെ എത്തുന്ന പുറം ലോകത്തിൻ്റെ രൂപവും ഭാവവുമാകട്ടെ കൊല്ലിൻ്റെയും കൊലയുടെയും. ഈ എരിപൊരി ലോകത്തുനിന്നുള്ള സന്തോഷം തേടലാണ് കുഞ്ഞുന്നാൾ മുതലേ പലരെയും രാസലഹരിയുപയോഗത്തിലേക്ക് നയിക്കുന്നത്. ഈ സാമൂഹ്യവിഷയം ലഹരിവേട്ടയ്ക്കിടയിൽ ഒട്ടും കാണാതെ പോകുന്നു.