Skip to main content
Ad Image

"പോടാ ചെറുക്കാ"യിലെ ഒളിഞ്ഞിരിക്കുന്ന മധുരം

Glint Staff
R.Bindu, Rahul Mankoottathil
Glint Staff

ജനപ്രതിനിധി സഭകളിൽ പ്രകടിപ്പിക്കാൻ പാടില്ലാത്ത ഒട്ടേറെ വാക്കുകളും ആംഗ്യവിക്ഷേപങ്ങളും ഉണ്ട്. അതിനെയാണ് അൺപാർലമെൻററി എന്ന് പൊതുവേ പറയുക. അത് സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനാണ്. കേരള നിയമസഭ അതിൻറെ അന്തസ്സിന് യോജ്യമല്ലാത്ത ഒട്ടേറെ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ചിലതൊക്കെ രേഖയിൽ നിന്ന് മാറാതെയും ദൃശ്യങ്ങളിൽ നിന്ന് കൊഴിയാതെയും അവശേഷിക്കുന്നു. അതായത് പാർലമെൻററി ആയി തന്നെ. എന്നാൽ അവയൊക്കെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന വൈകാരികത അൺപാർലമെൻററി ആണ് എന്ന് അനായാസം കാണാനും കഴിയും. 
      ഏതാനും ദിവസം മുമ്പ് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് നിയമസഭയിൽ ചർച്ച നടന്നു. സഭയിലെ ഏറ്റവും ഇളന്തലമുറക്കാരനായ രാഹുൽ മാങ്കൂട്ടം ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ആ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന് മന്ത്രി ബിന്ദു പുച്ഛത്തോടെയും രാഹുൽ മാങ്കൂട്ടം പറയുന്നതിനെ ഒരു കുട്ടി പറയുന്ന അബദ്ധങ്ങൾ എന്ന രീതിയിലും നേരിട്ടു. എന്നിട്ട് മൈക്ക് ഓഫ് ചെയ്തതിനു ശേഷം രാഹുൽ മാങ്കൂട്ടത്തിനെ പോടാ ചെറുക്കാ എന്ന് പറഞ്ഞുവത്രേ. 
       പോടാ ചെറുക്കാ പ്രയോഗം പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും വലിയ വിഷയമാക്കി ഉയർത്തി. അതിലൂടെ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ബിന്ദുവിന്റെ കഴിവില്ലായ്മയെ ഉയർത്തിക്കാട്ടാനും ശ്രമിച്ചു. 
        ശരിയാണ് മന്ത്രി ബിന്ദു ഒരു കാരണവശാലും ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അത് നടത്താൻ പാടില്ലാത്തത് തന്നെയായിരുന്നു. മൈക്ക് ഓഫ് ആയതിനാൽ അത് രേഖകളിൽ വരുന്നതുമല്ല. എന്നിരുന്നാലും ആ പോടാ ചെറുക്കാ വിളിയിൽ രാഹുൽ മാങ്കൂട്ടത്തെ എതിർപക്ഷത്ത് കാണുന്നുവെങ്കിലും അതിൽ ഒരു മധുരം ഒളിഞ്ഞിരിപ്പുണ്ട്. തൻറെ മകൻറെ പ്രായമുള്ള ഒരു കുട്ടി എന്നുള്ള ഒരു അമ്മയുടെ വൈകാരികതയുടെ പ്രകടനം കൂടിയായിരുന്നു ആ വിളി . അതിൽ ഒരു വാത്സല്യവും ഉണ്ട്. ആ വത്സല്യം ബിന്ദു ടീച്ചറിൽ നിന്ന് പുറത്തുവന്ന മാതൃത്വത്തിന്റെ തന്നെയാണ്. സംഗതി അൺപാർലമെൻററി ആണെങ്കിലും ആ വാക്കിലൂടെ തെളിഞ്ഞു വരുന്നത് മനുഷ്യ സമുദായത്തിലെ ഏറ്റവും ഉദാത്തവും പാർലമെൻററിയുമായ ഒരു വൈകാരികഭാവമാണ്. അതും കൂട്ടത്തിൽ കാണുന്നത് നല്ലതുതന്നെ. ഏതു വിദ്യാഭ്യാസവും മനുഷ്യനെ നവീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഉള്ളതാണല്ലോ. ആ നിലയ്ക്ക് ആ പ്രയോഗത്തെ വിമർശിക്കുമ്പോൾ പോലും കാണുകയാണെങ്കിൽ അത് ഒരു സാംസ്കാരിക കാഴ്ചയായി അവശേഷിക്കും.
 

Ad Image