Skip to main content

മാർക്ക് കാർണിയുടെ വരവ് ഇന്ത്യ- കാനഡാ ബന്ധത്തെ മെച്ചമാക്കും

Glint Staff
Mark Carney and Narendra Modi
Glint Staff

കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ലിബറൽ പാർട്ടി വിജയിച്ച് മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചമാകും. മുൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായത്. ഖാലിസ്ഥാൻസ്ഥൻ നേതാവ് നിജ്ജ്റിന്റെ കൊലപാതകം ഇന്ത്യ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് ട്രൂഡോ തെളിവുകൾ നിരത്താതെ ആരോപണം ഉന്നയിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം വഷളാകാൻ കാരണമായത്. 
       ആവശ്യമായ ഭൂരിപക്ഷം ലിബറൽ പാർട്ടിക്ക് ഇല്ലാത്തതിനാൽ ഖാലിസ്ഥാൻ പാർട്ടിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ അധികാരത്തിലെത്തിയത്. മാത്രവുമല്ല ഒരു നിസ്സാര വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ട്രൂഡോയുടെ പല അന്താരാഷ്ട്ര പെരുമാറ്റങ്ങളും വെളിപ്പെടുത്തിയിരുന്നു. കാനഡയെ 51-ാം സ്റ്റേറ്റ് ആയി റൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചതും ട്രൂഡോയുടെ ആ വ്യക്തിത്വ നിസ്സാരത്വം കൊണ്ടായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കുകയും സാമ്പത്തിക കാര്യത്തിൽ അതിവിദഗ്ധനുമായ മാർക്ക് കാർണി ട്രൂഡോയുടെ വ്യക്തിത്വത്തിന്റെ നേർ വിപരീതവുമാണ്. ട്രംപിന് പോലും അത് തിരിച്ചറിഞ്ഞ് കാനഡയോട് പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് ഇതിനകം എത്തുകയും ചെയ്തു.
      ട്രംപിനെ വെല്ലുവിളിച്ചുകൊണ്ടുതന്നെയാണ്അധികാരത്തിലെത്തി  ഉടൻ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാർക്ക് കാർണി വീണ്ടും അധികാരത്തിൽ എത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിയാണ് ലിബറൽ പാർട്ടി ഒന്നാമത് എത്തിയത്. 172 സീറ്റ് വേണ്ട സഭയിൽ 168 സീറ്റ് ലിബറൽ പാർട്ടി നേടുകയുണ്ടായി. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ദയനീയമായ പരാജയം നേരിട്ടത് സുഖ്മീർ സിംഗിൻ്റെ ഖാലിസ്ഥാൻ പാർട്ടിയായ എൻഡിപിയാണ്. വെറും 7 സീറ്റുകളിൽ എൻഡിപിക്ക് ചുരുങ്ങേണ്ടി വന്നു.സുഖ്മീർ സിംഗും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയുണ്ടായി.
        വൈകാരിക വിഷയങ്ങൾക്ക് അടിപ്പെടാതെ തീരുമാനമെടുക്കാൻ ശേഷിയുള്ള കാർണി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തും . കാർണിയുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് അയച്ച സന്ദേശത്തിലും ആ സാധ്യത വിളിച്ചറിയിക്കുന്നു. മലയാളികൾ ഉൾപ്പെടെ ധാരാളം വിദ്യാർഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്. അതോടൊപ്പം അവിടെ ഒരു വലിയ ഇന്ത്യൻ സമൂഹവും ജോലിയിലും ബിസിനസിലും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഊഷ്മളമാകേണ്ടത് അത്യന്താപേക്ഷിതമാണ്