ഒരു പ്രൊഫസ്സറുടെ 'സ്നേഹ'ത്തെറ്റുതിരുത്തൽ

കുഞ്ഞിലേ കുട്ടികളെ നല്ല ശീലം പരിശീലിപ്പിച്ചു തുടങ്ങണം. അതിൻ്റെ ഭാഗമായി കുഞ്ഞു ശിക്ഷാരീതിയെ ആശ്രയിക്കുകതന്നെ വേണമെന്ന് ഒരു റിട്ട. പ്രൊഫസർ. രണ്ടു വയസ്സുള്ള തൻ്റെ ചെറുമകൻ ചെയ്ത തെറ്റിന് ഒരു കുഞ്ഞീർക്കിൽ കൊണ്ട് 'സ്നേഹ'ത്തോടെ തിരുത്തൽ നടപടി നിർവ്വഹിച്ചതും അദ്ദേഹം വിശദീകരിച്ചു. രണ്ടു വയസ്സുകാരൻ ചെയ്ത തെറ്റ് ഇതാണ് - മുന്തിയ ടൈൽ വിരിച്ച് ഒരുക്കിയിട്ടുള്ള സ്വീകരണമുറി . മുറ്റത്തു കളിക്കുകയായിരുന്ന ചെറുമകൻ മുറ്റത്തു നിന്ന് പൂഴിമണൽ ഇരു കൈയിലും വാരി സ്വീകരണ മുറിയിൽ കൊണ്ടുവന്ന് വിതറി. ഇതു കണ്ട മുത്തച്ഛനു സഹിച്ചില്ല. മൂപ്പർ ഒരു കുഞ്ഞീർക്കിൽ എടുത്ത് അധികം നോവാത്ത വിധത്തിൽ രണ്ടടി കൊടുത്തു. അടുത്ത തവണ ഇങ്ങനെ ചെയ്യാനൊരുങ്ങുമ്പോൾ അവൻ ആ അടി ഓർക്കുമെന്ന് പ്രൊഫസർ മുത്തച്ഛൻ.
പച്ചമലയാളത്തിൽ പറഞ്ഞാൽ ഈ പ്രൊഫസ്സർ ആ കുഞ്ഞിനോടും സമൂഹത്തിനോടും ചെയ്തത് കൊടുംക്രൂരത. ആ കുഞ്ഞിൽ രണ്ടു വയസ്സിലേ പേടിയുടെ വിത്തു നിക്ഷേപിക്കുന്നു. സ്വാതന്ത്ര്യം, സ്നേഹം, ശരി, തെറ്റ് തുടങ്ങി ഒട്ടേറെ വൈകാരികതകളും അല്ലാത്തവകളും സംബന്ധിച്ച തന്നിലുള്ള സാമൂഹത്തിൻ്റെ ധാരണയെ അദ്ദേഹം ആ കുട്ടിയിലേക്കും പകരുന്നു. തനിക്കു സന്തോഷം പകരുന്നതെല്ലാം തെറ്റാണെന്നും ആ കുഞ്ഞ് ഉള്ളിൽ കുറിച്ചിടും. ചുറ്റുമുള്ളവർ തൻ്റെ സ്വാതന്ത്ര്യത്തിനു തടസ്സമെന്നും ആ കുഞ്ഞറിയും.അടികൊണ്ടു കരയുമ്പോൾ ആലംബമില്ലാതെ ആ മുത്തച്ഛൻ്റെ മുന്നിൽ രണ്ടു വയസ്സുകാരൻ. എന്തൊരു നിസ്സഹായത !!
മറിച്ച് ആ കുഞ്ഞ് സ്വീകരണ മുറിയിൽ മണ്ണ് നിരത്തിയ നിമിഷം ആ കുഞ്ഞിൻ്റെ മുഖത്ത് ചെറുചിരിയോടെ നോക്കാമായിരുന്നു. എന്നിട്ട് ആ പ്രൊഫസ്സർമുത്തച്ഛന് ആ കുഞ്ഞിനോടൊപ്പം കൂടാമായിരുന്നു. അവൻ്റെ കൂടെ തറയിലിരുന്ന് ആ മണ്ണിൽ അവനിഷ്ടമുള്ള രൂപമോ , കാക്കയേയോ പൂച്ചയേയോ ഒക്കെ വരക്കാമായിരുന്നു. ചിത്രം കേമമൊന്നുമാകേണ്ട. ചിലപ്പോൾ അവനും സ്വന്തം നിലയിൽ വരച്ചെന്നിരിക്കും. കുറച്ചു നേരം പിന്നെ അവനടുത്തിരുന്നാൽ മതി. ആ കളി മതിയാകുമ്പോൾ ആ മണ്ണ് എന്തു ചെയ്യണമെന്ന് അവനോടു ചോദിക്കാം. ഇരുവർക്കും ചേർന്ന് അത് നല്ല വൃത്തിയായി തൂത്തു കൂട്ടി വാരാം. വേണമെങ്കിൽ അതൊരു ട്രേയിലോ അല്ലെങ്കിൽ ചെറിയ കാർഡ്ബോഡ് പെട്ടിയിലോ സൂക്ഷിച്ചു വയ്ക്കാമെന്ന് അവനോടു പറയാം. വേണമെങ്കിൽ കുറച്ചു മണ്ണുകൂടി ഇട്ടിട്ട് ചിത്രം വരയ്ക്കണമെന്നു തോന്നിയാൽ ഇതിൽ വരക്കാമെന്ന് പറഞ്ഞ് ഇരു കൂട്ടർക്കും ചേർന്ന് അവന് എളുപ്പം എടുക്കാവുന്ന വിധം എവിടെയെങ്കിലുംവയ്ക്കുകയുമാകാം.
മുകളിൽ സൂചിപ്പിച്ചത് , തെറ്റുതിരുത്തൽ കേട്ടപ്പോൾ എന്നിൽ തോന്നിയത്. ശരിതെറ്റുകളെ മാറ്റിവച്ച് ആ കുഞ്ഞിനോടുള്ള സ്നേഹം ഈ പ്രൊഫസ്സറെ നയിച്ചിരുന്നെങ്കിൽ എന്തെല്ലാം വിധത്തിൽ ആ നിമിഷത്തെ മാറ്റാമായിരുന്നു. തറയിൽ വീണ മണ്ണ് നിഷ്പ്രയാസം മാറ്റി വൃത്തിയാക്കാം. എന്നാൽ ആ കുഞ്ഞിൽ പതിഞ്ഞത് ജീവിതകാലം മുഴുവൻ അവിടെക്കിടക്കും. അവനെ നയിക്കും. നാലഞ്ചു വയസ്സിനുള്ളിൽ ഇതുപോലെയുള്ള നിമിഷങ്ങളുടെ വൻമലതന്നെ അവനിൽ രൂപപ്പെടാനാണ് സാധ്യത.
മറിച്ച് അവനോടൊത്ത് കളിച്ചിരുന്നെങ്കിൽ ആ കുഞ്ഞിൽ ഉണ്ടാകുമായിരുന്ന സന്തോഷം, ശ്രദ്ധിക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നുണ്ടാകുന്ന ആത്മവിശ്വാസം, സ്വയം ബഹുമാനം, തുല്യതയോടെ പരിഗണിക്കപ്പെടുന്നു എന്ന അഭിമാനബോധം,അവൻ്റെ സന്തോഷസാന്നിദ്ധ്യമായി മുത്തച്ഛൻ, സ്നേഹത്തിൻ്റെ അനുഭവം, എങ്ങനെ അഴുക്കായ തറ വൃത്തിയാക്കാമെന്നുള്ള പ്രായോഗിക പരിശീലനം, ആ മണ്ണ് വിതറിയപ്പോൾ അതിലെ ചിത്രം രചന അവിനിലെ സർഗ്ഗാത്മകതയെ ഉണർത്തി കൂടായ്കയില്ല. ആ സൂക്ഷിച്ചു വയ്ക്കുന്ന മണ്ണ് അവനോടു പറയുന്ന കാര്യങ്ങൾ അനവധിയായിരിക്കും. അടിയേക്കാൾ നല്ലത് മധുരം പകരുന്ന നിമിഷങ്ങളാണെന്നു തോന്നുന്നു.