Skip to main content

റൗണ്ട് എബൗട്ടിൽ പായുന്ന യുവതി

റൗണ്ട് എബൗട്ടിൽ പായുന്ന യുവതി

നഗരത്തിലെ ഒരു റൗണ്ട് എബൗട്ട് .ഡ്രൈവർ ജി ഒരു ദിശയിൽ നിന്നുള്ള റോഡിലൂടെ പ്രവേശിച്ചു. ഏകദേശം എതിർ ദിശയിലേക്കുള്ള റോഡിലേക്ക് പോകണം. ആ സമയം എതിർ ദിശയിൽ നിന്ന് ഡ്രൈവർജി പ്രവേശിച്ച റോഡിന് തൊട്ട് ഇടതു ഭാഗത്തേക്കുള്ള  റോഡിലൂടെ പോകാനായി ഡ്രൈവർജിയുടെ വലതു ഭാഗത്തു നിന്ന് ഒരു യുവതി പാഞ്ഞു വരുന്നു.ഹെൽമറ്റിന്റെ മൂടിക്കുള്ളിലൂടെ രാവിലെ ഓഫീസിൽ പഞ്ച് ചെയ്യാനുള്ള യുവതിയുടെ തിടുക്കം കാണാം. ഡ്രൈവർജിക്ക് ആദ്യം കടന്നുപോകാനുള്ള സമയമുണ്ട്.എന്നാൽ റൗണ്ട് എബൗട്ടിൽ പാലിക്കേണ്ട വേഗതയിൽ അല്ല യുവതിയുടെ വരവ്. അതിനാൽ ഡ്രൈവർജി കടന്നു പോകാൻ ശ്രമിച്ചാൽ യുവതിക്ക് ബ്രേക്ക് ചെയ്യേണ്ടിവരും. ഏതെങ്കിലും കാരണവശാൽ ബ്രേക്ക് ചെയ്യുന്നതിന് ലേശം അമാന്തം സംഭവിച്ചാൽ ഡ്രൈവർജിയുടെ കാറിൻറെ പള്ളയിൽ  അതിശക്തമായല്ലെങ്കിലും വേണമെങ്കിൽ ഉരുമി നിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

           ഡ്രൈവർ ജിക്ക് നല്ല ഉറപ്പുണ്ട് തനിക്ക് കടന്നു പോകാമെന്ന് . ഒറ്റനോട്ടത്തിൽ  തന്നെ ഇരുചക്രവാഹനക്കാരിയുടെ മുഖത്തെ ആഗ്രഹം വായിച്ചെടുക്കാം. അവർ തീരുമാനിച്ചിട്ടില്ല. എന്നാൽ പകുതി ശ്രമമുണ്ട്. പറ്റുമെങ്കിൽ കടന്നുപോകണം. അവിടെ സംഭവിച്ചത് യുവതിയുടെ തീരുമാനം  അചഞ്ചലമായി. അതുകൊണ്ടുതന്നെ വേഗത കൂട്ടണോ  എന്നുള്ള തീരുമാനത്തിൽ എത്തിയിട്ടില്ല. ഈ ഡ്രൈവർജിയുടെ തീരുമാനം അറിഞ്ഞിട്ട് ബ്രേക്ക് ചെയ്യാം എന്നുള്ള ധാരണയായിരിക്കണം അവരെ അപ്പോൾ നയിച്ചത്. ഇങ്ങനെയുള്ള കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ നിമിഷാർത്ഥങ്ങളിൽ ഉണ്ടാകുന്ന വേഗതകളുടെ ചലനാത്മകതയിലെ പിഴവുകളാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ അപകടം ഒഴിവാക്കാൻ സഹായകരമാകുന്നതും.

          ഡ്രൈവിംഗിൽ  വേണ്ടത് ജീവിതത്തിലേതു പോലെ  തീരുമാനമെടുക്കലാണ്. കടന്നുപോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ കൃത്യമായി കടന്നു പോകണം . ആ തിരുമാനം മറ്റ് ഡ്രൈവർജിയാർക്ക് സംശയരഹിതമായി ഡ്രൈവിംഗ് ഭാഷയിലൂടെ ബോധ്യമാകണം. അതിന് ആവശ്യമായിട്ടുള്ളത്  അകലവും സമയവും നിശ്ചയിച്ചുള്ള തീരുമാനമെടുക്കൽ. അത് നിമിഷാർത്ഥത്തിൽ വേണം. സാഹചര്യങ്ങൾ വിലയിരുത്തി ഉചിതതീരുമാനം ആവശ്യം. അവിടെ നമ്മളുടെ വൈകാരികത കടന്നുവരാൻ പാടില്ല. ഡ്രൈവിംഗ് വൈദഗ്ധ്യവും റോഡ് നിയമങ്ങളും  അനുഭവവും എല്ലാറ്റിനുമുപരി സുരക്ഷിതത്വവും അതിൻ്റെയൊക്കെ വെളിച്ചത്തിൽ  നമുക്കുണ്ടാകുന്ന  സ്വാഭാവിക തോന്നലുമുണ്ട് .കടന്നു പോകുമോ ഇല്ലയോ എന്നുള്ളത് . അത് വെറും തോന്നലല്ല. അത് തീരുമാനമാണ്. അപ്പോൾ ആ ഡ്രൈവർജിയുടെ ശരീരം സുഖാവസ്ഥയിലായിരിക്കും. 

       ഈ സുഖത്തെ തീരുമാനമായി കൃത്യതയോടെ എതിരെ വരുന്ന ഡ്രൈവർജിമാർ തിരിച്ചറിയും. ഇതാണ് നിരത്തിലെ സംവേദനം. ഈ സംവേദനം അഥവാ ആശയവിനിമയം എപ്പോഴും ഡ്രൈവർജിമാർ നടത്തേണ്ടതുണ്ട്. അറിഞ്ഞും അറിയാതെയും ഡ്രൈവർജി മാർ നടത്തുന്നുണ്ട്.

       റൗണ്ട് എബൗട്ടിലെ യുവതിയിലേക്കു വരാം.  തീരുമാനം ഇല്ലായ്മയും തിടുക്കവും യുവതിയെ ശാരീരികമായും മാനസികമായും അസ്വസ്ഥയാക്കി. വൈകാരികതയുടെ ആധിപത്യം. ഇതേ അവസ്ഥയിലാണ് ഓഫീസ് സമയമടുക്കുമ്പോൾ മിക്ക ഡ്രൈവർ ജിമാരും. രാവിലത്തെ ഗതാഗതക്കുരുക്കിൻ്റെ കാരണവും. 

       അവ്യക്തമായ ഒരാളുടെ തീരുമാനം എടുക്കൽ, അല്ലെങ്കിൽ തീരുമാനമെടുക്കാനുള്ള ഒരാളുടെ അവ്യക്തത . അത് മറ്റുള്ള ഡ്രൈവർജിമാർ തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ പലപ്പോഴും അവർ തങ്ങളുടെ ഭാഗം ശരിയെന്ന ബോധ്യത്തിൽ പെരുമാറിപ്പോകും. മിക്കപ്പോഴും അവരുടെ ഭാഗം ശരിയുമായിരിക്കും. പക്ഷേ അതുകൊണ്ട് അപകടം ഒഴിവാകില്ല. അതിനാൽ മറ്റുള്ളവരേയും മനസ്സിലാക്കാനുള്ള മനസ്സ് എല്ലാ ഡ്രൈവർ ജിമാരിലും ഉണ്ടായാൽ സുരക്ഷ ഉറപ്പ്.

      റൗണ്ട് എബൗട്ട് കറങ്ങി വന്ന യുവതിയുടെ അവസ്ഥ കണ്ട് ഈ ഡ്രൈവർ ജി കാർ നിർത്തിക്കൊടുത്തു. ആ യുവതി പാഞ്ഞു കടന്നു പോയി. വളരെ സുഖകരമായി ഈ ഡ്രൈവർ ജി യാത്ര തുടർന്നു.

 

Ad Image