കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരം മാറ്റത്തിൽ
കേരളത്തിലെ വർത്തമാനകാല രാഷ്ട്രീയം ചില നല്ല സൂചനകൾ പുറത്തേക്ക് വിടുന്നുണ്ട്. ഇതുവരെ ഉണ്ടായിരുന്ന രീതി രാഷ്ട്രീയപാർട്ടികൾ തമ്മിൽ പരസ്പരം യുദ്ധം ചെയ്തു കൊണ്ടിരിക്കണം എന്നുള്ളതാണ്. അതിൻറെ അടിസ്ഥാനത്തിൽ അണികൾ തമ്മിലടിക്കുകയും തല്ലിച്ചാവുകയും ഒക്കെ ചെയ്യുന്നത് കേരളത്തിൽ പുത്തരിയല്ല.എന്നാൽ സ്വകാര്യമായി ഈ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ വളരെ നല്ല സൗഹൃദം പങ്കിടുന്നവരുമായിരിക്കും.കക്ഷിരാഷ്ട്രീയം എന്ന പ്രതലത്തിൽ ഇവരുടെയെല്ലാം താൽപര്യങ്ങൾ ഒന്നാണ്.അതുകൊണ്ടുതന്നെ പലപ്പോഴും പരസ്പര സഹായവും ഉണ്ടാകും.അതും രഹസ്യമായിരിക്കും.
പ്രസ്താവനകൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും എ കെ ഫോർട്ടി സെവനുകൾ പായിച്ചാലും മറയ്ക്കു പിന്നിലെ പരസ്പര സഹായം അഭങ്കുരം തുടരും. മറയ്ക്കു വെളിയിൽ ആരെങ്കിലും തമ്മിൽ കണ്ടാൽ പിന്നീട് അത് മാധ്യമങ്ങൾ ഏറ്റെടുക്കുന്നു.കണ്ടുമുട്ടിയവർ മനുഷ്യരാണ് എന്ന പരിഗണന പോലും മാധ്യമങ്ങളും കാണിക്കാറില്ല .ആക്ഷേപം ഉന്നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും അത് പുലർത്താറില്ല.
രണ്ടാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട വിശ്വസ്തനായ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ സ്വകാര്യമായി കണ്ടു. മാധ്യമങ്ങളും നേതാക്കളും ഏതാനും ദിവസങ്ങളായി അതിൻറെ ആഘോഷത്തിലാണ്.എന്തായാലും സ്പീക്കർ എ എൻ ഷംസീർ പ്രഖ്യാപിച്ചിരിക്കുന്നു ,അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ല. ആർഎസ്എസ് വളരെ ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനയാണ്. സ്പീക്കർ ഷംസീർ ഈ പ്രഖ്യാപനം നടത്തിയത് സിപിഎം നേതാവായതുകൊണ്ടാണോ അതോ ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ അതുമല്ല നിഷ്പക്ഷനായി പെരുമാറേണ്ട സ്പീക്കർ പൊതുതത്വം പറഞ്ഞതാണോ എന്നുള്ളതൊന്നും വ്യക്തമല്ല.എന്തായാലും സിപിഎമ്മിന്റെ നേതാവ് ആർഎസ്എസിന് പരസ്യമായ മാന്യത കൽപ്പിച്ചു കൊണ്ടു അംഗീകാരം നൽകിയത് കേരള രാഷ്ട്രീയത്തിൽ പുതിയ തുടക്കങ്ങൾക്ക് കാരണമാകുന്നു.