തങ്ങളുടെ വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖലയുടെ പരിധി വികസിപ്പിച്ചതായി ദക്ഷിണ കൊറിയ ഞായറാഴ്ച അറിയിച്ചു. ജപ്പാന്റെയും ചൈനയുടേയും സമാന മേഖലകളുടെ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ് പുതിയ പ്രഖ്യാപനം. തങ്ങളുടെ മേഖല വികസിപ്പിച്ചു കൊണ്ടുള്ള ചൈനയുടെ പ്രഖ്യാപനം കിഴക്കന്‍ ഏഷ്യയില്‍ ഇതിനകം തന്നെ സംഘര്‍ഷത്തിന് കാരണമായ പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയയുടെ നടപടി.
ഒരു രാജ്യത്തിന്റെ വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖലയില്‍ പ്രവേശിക്കുന്ന വിമാനങ്ങള്‍ അത് പ്രസ്തുത രാജ്യത്തെ അറിയിക്കുകയും ആ രാജ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും വേണം. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയ്ക്ക് പുറത്തായി ദേശ സുരക്ഷ കണക്കിലെടുത്താണ് കരയിലോ കടലിലോ ഇത്തരം മേഖലകള്‍ രാജ്യങ്ങള്‍ പ്രഖ്യാപിക്കുക.
ഏകദേശം ഒരാഴ്ച നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ദക്ഷിണ കൊറിയയുടെ പ്രതിരോധ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൈനയുമായി തര്‍ക്കത്തിലുള്ള രണ്ട് ദ്വീപുകള്‍ തിരിച്ചറിയല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിസംബര്‍ 15-ന് വികസിപ്പിച്ച മേഖലയിലെ നിരീക്ഷണം പ്രാബല്യത്തില്‍ വരുത്തി തുടങ്ങുമെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ നിയന്ത്രണത്തിലുള്ളതും ചൈന അവകാശം ഉന്നയിക്കുന്നതുമായ സെന്‍കാകു ദ്വീപുകളെ ഉള്‍പ്പെടുത്തിയ വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖല നവംബര്‍ അവസാനം ചൈന പ്രഖ്യാപിച്ചതോടെ മേഖലയില്‍ നയതന്ത്ര സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആദ്യം യു.എസ് വ്യോമസേനാ വിമാനങ്ങളും പിന്നീട് ജപ്പാന്റേയും, ദക്ഷിണ കൊറിയയുടേയും സൈനിക വിമാനങ്ങളും ഈ പ്രഖ്യാപനം കണക്കിലെടുക്കാതെ മേഖലയിലൂടെ പറന്നു. എന്നാല്‍, പിന്നീട് വാണിജ്യ വിമാനക്കമ്പനികളോടെ ഈ മേഖലയില്‍ ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യു.എസ് നിര്‍ദ്ദേശിച്ചിരുന്നു.
ദക്ഷിണ കൊറിയയുടെ പ്രഖ്യാപനത്തെ യു.എസ് സ്വാഗതം ചെയ്തു. ചൈന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ദക്ഷിണ കൊറിയയുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ചൈന സന്നദ്ധമാണെന്ന് വിദേശകാര്യ വക്താവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.