Skip to main content
വാഷിംഗ്‌ടണ്‍

East chaina sea Air Defence Identification Zone

ചൈന പുതുതായി പ്രഖ്യാപിച്ച വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയ്ക്ക് അനുസൃതമായി വിമാന സര്‍വീസുകള്‍ നടത്താന്‍ വാണിജ്യ വിമാനക്കമ്പനികളോട് യു.എസ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്, തിരിച്ചറിയല്‍ മേഖലയില്‍ പ്രവേശിക്കുന്ന വിമാനങ്ങള്‍ ബീജിങ്ങ് അധികൃതരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. എന്നാല്‍, ചൈനയുടെ ആവശ്യങ്ങള്‍ യു.എസ് സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഇതിനര്‍ത്ഥമില്ലെന്നു യു.എസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ ആഴ്ചയാണ് ചൈനയുടെ പ്രതിരോധ വകുപ്പ് കിഴക്കന്‍ ചൈനാ കടലിലെ തര്‍ക്ക ദ്വീപുകളായ സെന്‍കാകു ഉള്‍പ്പെടുന്ന വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖല പ്രഖ്യാപിച്ചത്. എന്നാല്‍, യു.എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആദ്യം യു.എസ്സിന്റെ ബി-52 ബോംബര്‍ വിമാനങ്ങളും പിന്നീട് ജപ്പാന്റേയും ദക്ഷിണ കൊറിയയുടേയും സൈനിക വിമാനങ്ങള്‍ ഈ മേഖലയില്‍ ചൈനയെ അറിയിക്കാതെ പറന്നിരുന്നു.   

 

എന്നാല്‍ ആദ്യം ഇതിനോട് പ്രതികരിക്കാതിരുന്ന ചൈന വെള്ളിയാഴ്ച രണ്ട് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണ പറക്കലിനായി അയച്ചിരുന്നു. ഇവ രണ്ട് യു.എസ് വിമാനങ്ങളും പത്ത് ജപ്പാനീസ് വിമാനങ്ങളും സെന്‍കാകു ദ്വീപുകള്‍ക്ക് മുകളില്‍ തിരിച്ചറിഞ്ഞതായി പ്രതിരോധ വകുപ്പ് വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ശിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈന തിയാവോയു എന്ന് വിളിക്കുകയും അവകാശപ്പെടുകയും ചെയ്യുന്ന സെന്‍കാകു ദ്വീപുകള്‍ ജപ്പാന്റെ നിയന്ത്രണത്തിലാണ്.