ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു
നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഏതാനും പേർ ചേർന്ന് തലമുറകളെ നശിപ്പിക്കാനുള്ള ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ 50000 ത്തോളം ഐടി വിദഗ്ധർക്ക് ഇന്ത്യയിൽ ജോലി നഷ്ടമാകും. അതിൽ നല്ലൊരു ശതമാനം മലയാളികൾ.ഇങ്ങനെ ജോലി നഷ്ടപ്പെടുന്ന വിദഗ്ധർ പുതിയ സാങ്കേതികവൈദഗ്ധ്യം നേടിയെങ്കിൽ മാത്രമേ അവർക്ക് പുത്തൻ തൊഴിലുകൾ കണ്ടെത്താൻ കഴിയൂ.
ഇത്തരം മാറുന്ന ലോകക്രമത്തിലാണ് ബിനോയ് വിശ്വവും കൂട്ടരും സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന ദിവസക്കൂലിക്കാരുടെയും സാധാരണയിൽ സാധാരണപ്പെട്ട ആൾക്കാരുടെയും മക്കൾക്ക് പുത്തൻ വഴികളിലേക്ക് പ്രവേശിക്കാനുള്ള വാതിൽ അടയ്ക്കുന്നത്. ഓർക്കുക ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ മക്കളും ചെറുമക്കളും എല്ലാം എൻ ഇ പി പ്രകാരമുള്ള സിബിഎസ്ഇ സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലാണ് പഠിക്കുന്നത്. അങ്ങനെയുള്ള വിദ്യാർത്ഥികളോടൊപ്പം സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആൾക്കാരുടെ കുട്ടികൾക്കും പഠിച്ചുയർന്ന് മുന്നേറാനുള്ള കവാടമാണ് പി എം ശ്രീ തുറന്നു വയ്ക്കുന്നത്. അതിനെയാണ് വെറും മുട്ടാപ്പോക്ക് ഫാഷിസം, വർഗീയത തുടങ്ങിയ സംഗതികൾ ഉയർത്തി ബിനോയ് വിശ്വവും ഏതാനും ചില വ്യക്തികളും ചേർന്ന് തകിടം മറിക്കുന്നത്.
സാങ്കേതികവിദ്യയിലൂടെ മാറുന്ന ലോകത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സ്വന്തം വ്യക്തിപ്രഭാവത്തിൽ ഉള്ള അമിതമായ സ്വയംഭ്രമവും മൂലമാണ് ഏതാനും വ്യക്തികൾ ചേർന്ന് വരും തലമുറകളെ നശിപ്പിക്കാനുള്ള ഈ ശ്രമത്തിൽ ഏർപ്പെടുന്നത്.
