വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. സാധാരണ ഒരു സംഘടനയിൽ നിശ്ചിത കാലയളവ് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ 25 വർഷവും 50 വർഷവും ഒക്കെ തികയുമ്പോഴാണ് . വെള്ളാപ്പള്ളി നടേശന്‍റെ ആദരം 30 വർഷം തികയുന്നതിന്‍റെ പേരിൽ. എന്നാൽ ഇവിടെ പ്രകടമാകുന്നത് മലപ്പുറം പ്രസംഗവും ചേർത്തല ആദരവും വ്യക്തമായ ആസൂത്രണത്തിലൂടെ സംഘടിപ്പിച്ചതാണ് എന്നാണ്
പിണറായി വിജയന് അഥവാ സിപിഎമ്മിന് കേരളത്തിലെ ഹിന്ദുക്കളോട് പറയാനുള്ളത് വെള്ളാപ്പള്ളി നടേശനിലൂടെ പറയിച്ചു. അത് ഏതാനും ദിവസം കേരളത്തിൽ വൻ ചർച്ചയാകുന്നു. വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാൻ പറ്റില്ല എന്ന് പോലീസ് പ്രഖ്യാപിക്കുന്നു. തുടർന്ന് വെള്ളാപ്പള്ളിയെ ആദരിക്കാനുള്ള യോഗത്തിൽ മറ്റു മന്ത്രിമാരുമായി എത്തി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തെ പൂർണമായി ന്യായീകരിക്കുന്നു.
സിപിഎം, വരുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കേരളത്തിലെ ഹിന്ദുക്കളോട് പറയാനുള്ളത് പിണറായി വിജയൻ വ്യക്തമായി പറഞ്ഞിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാർ നിയന്ത്രണം മുസ്ലിംലീഗിന്റെ കൈയിൽ ആയിരിക്കും എന്ന് ഉച്ചത്തിലുള്ള സന്ദേശം . അതിനാൽ ഹിന്ദുക്കൾ ആ ദുരന്തം ഒഴിവാക്കുന്നതിനായി എൽഡിഎഫിന് വീണ്ടും അധികാരത്തിൽ ഏറ്റുക. ഈ സന്ദേശത്തിന്റെ അവ്യക്തതയില്ലാത്ത പ്രഖ്യാപനമാണ് ഏകദേശം ഒരാഴ്ചകൊണ്ട് കേരളത്തിൽ പിണറായി വിജയനും വെള്ളാപ്പള്ളി യും കൂടി നടത്തിയിരിക്കുന്നത്.