ചൈന വ്യോമ പ്രതിരോധ മേഖലയായി പ്രഖ്യാപിച്ച ദ്വീപുകൾക്കു മുകളിലൂടെ അമേരിക്കൻ ബോംബർ വിമാനങ്ങൾ അതിക്രമിച്ച് കടന്നു. യു.എസ് വ്യോമസേനയുടെ രണ്ട് ബി-52 ബോംബര്‍ വിമാനങ്ങളാണ് ആണ് കിഴക്കന്‍ ചൈനാ സമുദ്രത്തിലെ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചത്. എന്നാല്‍ തങ്ങളുടെ പതിവ് നിരീക്ഷണമാണ് നടന്നതെന്ന് യു.എസ് ചൊവ്വാഴ്ച വിശദീകരിച്ചു. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ നീരീക്ഷണ പറക്കല്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ഉടമസ്ഥാവകാശത്തിന്റെ പേരിൽ ജപ്പാനും ചൈനയും തർക്കമുന്നയിക്കുന്ന ദ്വീപുകൾ രണ്ടു ദിവസം മുമ്പാണ് വ്യോമ പ്രതിരോധ മേഖലയായി ചൈന പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജപ്പാന് പിന്തുണയുമായി യു.എസ് രംഗത്ത് വന്നിരുന്നു. വ്യോമ പ്രതിരോധ മേഖലയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾ ചൈനീസ് അധികൃതർക്ക് റിപ്പോർട്ടു നൽകണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ചൈനക്ക് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന്‍ മുന്നറിയിപ്പും നൽകി. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ദ്വീപ് തങ്ങളുടേതാണെന്നുമാണ് ജപ്പാന്റെ വാദം.
തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ജപ്പാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് യു.എസ് പിന്തുണ നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ ചൈനീസ് കടലില്‍ ജപ്പാന്‍കാര്‍ സെന്‍കാകുവെന്നും ചൈനക്കാര്‍ ദിയാവുവെന്നും വിളിക്കുന്ന ദ്വീപിനെ ചൊല്ലിയാണ് വിവാദം. ചൈന വ്യോമപ്രതിരോധ മേഖല പ്രഖ്യാപിച്ചതിനെ ജപ്പാനും യു.എസ്സും വിമർശിച്ചിരുന്നു.