'ഡസർട്ട് റോയൽ' സൗദിരാജകുമാരിക്ക് കടം കൊടുത്ത നാവ്

ശബ്ദിക്കാൻ വെമ്പുന്ന നാവ്. എന്നാൽ അവളുടെ ചുണ്ടുകൾ തുറക്കാൻ പറ്റുന്നില്ല.കാരണം അവൾ സൗദി അറേബ്യയിലെ ഒരു രാജകുമാരി. സ്വാതന്ത്ര്യത്തിനും മനുഷ്യനായി ജീവിക്കാനും വേണ്ടിയുള്ള ത്വര ഉള്ളിൽ സൂക്ഷിക്കുന്നവൾ . എന്നാൽ അവൾക്ക് ചുറ്റുമുള്ള സ്ത്രീകളും മനുഷ്യരും മനുഷ്യകുലത്തിന് തന്നെ അപമാനമായി തുടരുന്നു. ഇങ്ങനെയൊരു മാനുഷിക അവസ്ഥയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കണം. എങ്ങനെ? അപ്പോഴാണ് ഒരു അമേരിക്കൻ സുഹൃത്തിനെ അവൾ പരിചയപ്പെടുന്നത്. സൗദി അറേബ്യയിൽ വച്ച് പരിചയപ്പെട്ട അവർ ഈ രാജകുമാരിയുടെ നാവാകുന്നു. ജീൻ സാസോൺ എന്ന അമേരിക്കൻ എഴുത്തുകാരി. അവരിലൂടെ പുറത്തുവന്ന സൗദി അറേബ്യയിലെ സ്ത്രീകളുടെ ജീവിതമാണ് 'ഡെസേർട്ട് റോയൽ 'എന്ന പുസ്തകം.
'ഡെസേർട്ട് റോയലി'ന്റെ ഓരോ വരികളിലൂടെയും ഒരു ശരാശരി മനുഷ്യന് ഞെട്ടൽ ഇല്ലാതെ കടന്നുപോവുക പ്രയാസം. മനുഷ്യബന്ധങ്ങളിലെ ബന്ധമില്ലായ്മയ്ക്ക് ഇത്രയേറെ വ്യാപ്തി ഉണ്ടെന്ന് മനസ്സിലാകുന്ന നിമിഷങ്ങൾ. സ്വന്തം സഹോദരിയുടെ മക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുവന്ന് തങ്ങളുടെ മുന്നിൽ മദിച്ചാർത്ത് കാമകേളി നടത്തി പിച്ചിച്ചീന്തിയെറിഞ്ഞ് അർമാദിക്കുന്നു. അതേപോലെ പോത്തിൻ കൂട്ടങ്ങളെ പാർപ്പിച്ചിരിക്കുന്ന തിനേക്കാൾ നികൃഷ്ടമായ അവസ്ഥയിൽ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി അടച്ചിടുന്നു. എതിർക്കുന്നവരെ മറ്റുള്ളവരുടെ മുൻപിൽ വച്ച് ജീവനോടെ അവരുടെ ലൈംഗിക അവയവങ്ങൾ പിച്ചിച്ചീന്തി ഇഞ്ചിഞ്ചായി കൊല്ലുന്നു. ആരും ചോദിക്കാനില്ല.
രാജകുമാരിയാണെങ്കിലും തൻറെ ഭർത്താവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇല്ല. തൻറെ ഭർത്താവ് യഥേഷ്ടം മറ്റു സ്ത്രീകളെ വീട്ടിൽ കൊണ്ടുവന്ന് പരസ്യമായി ചൂഷണം ചെയ്യുന്നതും കണ്ടു നിൽക്കാൻ നിവൃത്തിയുള്ളൂ. സുൽത്താന എന്ന രാജകുമാരി തൻ്റെ സഹോദരി സാറയുടെ ജീവിതം കണ്ട് അന്ധാളിക്കുന്നു.
മദ്യം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയിൽ രാജകൊട്ടാരങ്ങളിൽ മദ്യം ഒഴുകുന്ന കാഴ്ച. ഒഴിവ് വേളകളിൽ ഇവർ അമേരിക്കയിലും യൂറോപ്പിലും പോയി തിരിച്ചെത്തുന്ന ഫ്ലൈറ്റുകളിലാണ് മദ്യം വരുന്നത്. 1980-90കളിലെ സൗദി അറേബ്യയിലെ ജീവിതം സുൽത്താനെ എന്ന രാജകുമാരിയിലൂടെ ഡെസേർട്ട് റോയലിൽ തെളിയുന്നത് സ്തോഭജനകം.
സുൽത്താനക്ക് സംതൃപ്തമായ ഒരു വിവാഹ ജീവിതം ലഭ്യമാമായി. ഒരു ഭാര്യയിൽ തൃപ്തനായ വിദ്യാസമ്പന്നൻ കരീമിലൂടെ .ഒരുപക്ഷേ അത് തന്നെയായിരിക്കാം സുൽത്താന എന്ന രാജകുമാരിയെ ഈ അനീതികളും ക്രൂരതകളും ഇത്രയധികം ക്ഷോഭിപ്പിച്ചത്. സുൽത്താന എന്നത് യഥാർത്ഥ പേരല്ല. കാരണം ആ പേര് പുറത്തിറഞ്ഞാൽ സുൽത്താനയുടെ ജീവിതം ആ നിമിഷം അവസാനിക്കും.
സുൽത്താനക്ക് രണ്ട് പെൺമക്കൾ. അവളിൽ ഒരുവൾ തന്നെപ്പോലെ സ്വതന്ത്ര ചിന്താഗതിക്കാരി. എന്നാൽ രണ്ടാമത്തവൾ യാഥാസ്ഥിതികത്വത്തിന്റെ പർദ്ദയ്ക്കുള്ളിൽ സുരക്ഷിതത്വം കണ്ടെത്തിയവൾ. ഈ വൈപരീത്യവും സുൽത്താന എന്ന രാജകുമാരിയെ മനുഷ്യ ജീവിതത്തെയും ഭൂമിയിലെ ജീവിതത്തെയും വായിച്ചെടുക്കാൻ പറ്റാതെ നിസ്സഹായയാക്കുന്നു.
ഇന്നത്തെ സൗദി അറേബ്യ മാറ്റത്തിന്റെതാണ്. എല്ലാ ആധുനികതകളെയും ഇരുകൈയും നീട്ടി സ്വീകരിച്ചു തുടങ്ങിയ രാജ്യം. ഹിജാബ് പോലും വേണമെങ്കിൽ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് സൗദി സ്ത്രീകൾക്ക് ലഭ്യം. രാജകുമാരൻ മുഹമ്മദ് ബിൻ സുൽത്താൻ നിമിത്തം വന്ന മാറ്റങ്ങൾ. അത്തരം മാറ്റങ്ങളിലേക്ക് പുതിയ തലമുറയെ ചിന്തിക്കാൻ പോലും പര്യാപ്തമാക്കിയ പുസ്തകമാണ് ഡെസേർട്ട് റോയൽ