Skip to main content

മലയാളിക്ക് നിർവികാരത, പ്രഥമ ദൃഷ്ട്യാ അഴിമതിക്കാരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു

Glint Staff
Joman Puthen Purakkal
Glint Staff

മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം  എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് വന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണം വന്നിട്ടില്ല. ഡോക്ടർ എബ്രഹാം തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
          സാങ്കേതികമായി അന്വേഷണം നേരിടുന്നതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിനുള്ള ധാർമിക അവകാശം എബ്രഹാമിന് ഇല്ല. കാരണം പ്രഥമദൃഷ്ട്യാ അദ്ദേഹം അഴിമതി നടത്തിയിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഈ കോടതി ഉത്തരവിനെ അവഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഡോ.എബ്രഹാമിനെ സംരക്ഷിക്കുന്നത്.
      കേരള സമൂഹത്തിന് പൊതുവേ ഒരു നിർവികാരത ബാധിച്ചിട്ടുണ്ട്. അതിൻറെ തെളിവു കൂടിയാണ് ഒന്നാം പിണറായി സർക്കാരിൻറെ ഓഫീസ് സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടിട്ടും അദ്ദേഹത്തിൻറെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയിട്ടും ഭൂരിപക്ഷത്തോടെ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. 
      മാധ്യമങ്ങൾ അതിനിശിതമായ വിമർശനത്തോടെ ഈ സന്ദർഭങ്ങളിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്തു. അത്തരം ചർച്ചകളാണ് കേരളീയ സമൂഹത്തെ ഇത്രയധികം നിർവികാരതയിലേക്ക് എത്തിച്ചത്. മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് അധിക്ഷേപകരമായ രീതിയിൽ പരമാവധി പരാമർശങ്ങൾ നടത്തി. അതിനപ്പുറം ഒന്നും പറയാനില്ലാത്ത അവസ്ഥയിൽ . ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മറ്റൊരു വിഷയം കടന്നു വരികയും മുൻപ് ചർച്ച ചെയ്തത് വിസ്മൃതിയിൽ ആവുകയും ചെയ്യുന്നു.
       എന്ത് ഗുരുതരമായ വിഷയങ്ങൾ പൊന്തി വന്നാലും അവയിൽ കാമ്പുണ്ടെങ്കിലും ഏതാനും ദിവസങ്ങൾ പ്രതികരണം ഒഴിവാക്കി നിശബ്ദമായാൽ അത്തരം സംഭവങ്ങളെ അനായാസം അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കിയിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോൾ പിണറായി വിജയൻറെ രണ്ടാം സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടും സർക്കാരിന് അതൊരു വിഷയമല്ലാത്തത്. ജനങ്ങളെ സംബന്ധിച്ചും അഴിമതി സാമാന്യവൽക്കരിക്കപ്പെട്ട അവസ്ഥയിൽ . ഈ നിർവികാരതയാണ് വിദഗ്ധമായി ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുതലെടുക്കുന്നത്