സ്റ്റാലിന്‍ നടത്തുന്നത് തീക്കളി

തമിഴ്ട് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലനിൽപ്പിനായി തീക്കളി നടത്തുന്നു. അതാണ് സ്വയം ഭരണ അവകാശം ഉന്നയിച്ചുകൊണ്ട് ചട്ടം 110 പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സ്വയം ഭരണ അവകാശത്തെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് അധ്യക്ഷനായി മൂന്നംഗസമിതിയെയും നിയമിച്ചു.സമിതി, വരുന്ന ജനുവരിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ.
തമിഴ്നാട്ടിൽ വരുന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറുക എന്ന താൽക്കാലിക ലക്ഷ്യം മാത്രമാണ് ഇപ്പോൾ സ്റ്റാലിന്റെ മുന്നിലുള്ളത്. ആ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഹിന്ദി വിരുദ്ധത ആദ്യം പ്രയോഗിച്ചത്. എന്നാൽ ധാരാളം തമിഴർ ഹിന്ദി പ്രദേശങ്ങളിലും അതേപോലെ അവിടെയുള്ളവർ തമിഴ്നാട്ടിലും ഉള്ളതിനാലും കാലം മാറിയതിനാലും അതത്ര ഏശിയില്ല . തുടർന്നാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ മണ്ഡലം പുനർനിർണയത്തിനെതിരെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ചെന്നൈയിൽ കൺവെൻഷൻ നടത്തിയത്.
തമിഴ്നാട്ടിലെ രാഷ്ട്രീയം മാറിമറിയുന്നത് ആരെക്കാളും നന്നായി അറിയാവുന്ന വ്യക്തിയാണ് എം കെ സ്റ്റാലിൻ . ഒരിക്കലും ബിജെപി തമിഴ്നാട്ടിൽ വേരോട്ടം ഉണ്ടാക്കില്ല എന്നതായിരുന്നു പൊതുവിശ്വാസം. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അണ്ണാമലയുടെ നേതൃത്വത്തിൽ ബിജെപി 18.3 ശതമാനത്തോളം വോട്ട് നേടി. എ.ഐ എ.ഡി എം കെ 23 ശതമാനത്തിലേറെയും വോട്ട് നേടി. ഇപ്പോൾ തമിഴ്നാട്ടിൽ ബിജെപി , എ.ഐ.എ ഡി.എം.കെ. സഖ്യം വരുന്നു. അണ്ണാമലൈ മാറി നൈനാർ നാഗേന്ദ്രഗിരി ബിജെപി പ്രസിഡണ്ടായി. അദ്ദേഹമാകട്ടെ എ .ഐ .എ. ഡി .എം കെ യിൽ നിന്ന് ബിജെപിയിലേക്ക് വന്ന നേതാവും. ഈ സാഹചര്യങ്ങളാണ് സ്റ്റാലിനെ വെറളി പിടിപ്പിക്കുന്നതും ഇത്തരം വിഘടനവാദ നീക്കങ്ങളിലേക്ക് ജനങ്ങളെ നയിക്കാൻ പ്രേരിപ്പിക്കുന്നതും.