എമ്പുരാൻറെ 24 വെട്ട് : പേടി സംസ്കാരത്തിൻ്റെ തുടക്കം

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ലോകം മുഴുവൻ പ്രമോഷൻ നടത്തി തീയേറ്ററിൽ എത്തിച്ച എമ്പുരാൻ സിനിമ 24 വെട്ടുകൾ നടത്തി വീണ്ടും തീയേറ്ററിൽ എത്തിക്കുന്നു. കോടതിയുടെയോ സർക്കാരിന്റെയോ അതല്ല ,ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുടെയോ നിർദ്ദേശം ഇല്ലാതെയാണ് ഈ 24 വെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ സാധ്യമാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ പുതിയ ഒരു സംസ്കാരത്തിൻറെ തുടക്കമായി കാണാവുന്നതാണ്.
സോഷ്യൽ മീഡിയയുടെ പശ്ചാത്തലത്തിൽ സംഘടിതമായ രീതിയിൽ ഒരു പ്രചാരണം നടത്തിക്കഴിഞ്ഞാൽ സമ്മർദ തന്ത്രത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നുള്ളത്. ഇതിനെ ഒരു തരത്തിൽ നോക്കിയാൽ വേണമെങ്കിൽ ജനാത്ത സംവിധാനത്തിലെ ഒരു സാധ്യതയായി കാണാം. മറ്റൊരു തരത്തിൽ ഇത് കേരളം കടന്നു പോകുന്ന പേടിയുടെ ആഴത്തെ കാട്ടിത്തരുന്നതായും കാണാം. തെറ്റുപറ്റിപ്പോയി എന്ന് മോഹൻലാലും അതേപോലെ അവസാനം ഇതിൻറെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലനും വന്നു പരസ്യമായി കേരള സമൂഹത്തോട് പറഞ്ഞു.അതിൻറെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലെ കേന്ദ്രസർക്കാറിൻ്റെ ഏതെങ്കിലും നടപടികളിൽ ഭയന്നിട്ടാണോ നിർമാതാവ് ഗോകുലം ഗോപാലനും അതേപോലെ മോഹൻലാലും ഒക്കെ രംഗത്ത് വന്നത് എന്നുള്ളതാണ് ഇവിടെ പ്രസക്തമായ ചോദ്യം. ബിസിനസ് രംഗത്ത് നിൽക്കുന്ന ഗോകുലം ഗോപാലനും അതേപോലെ ബിസിനസ് രംഗത്തും കേരളത്തിൻറെ മാത്രമല്ല ഇന്ത്യയുടെ തന്നെ പ്രധാന നായകന്മാരിൽ ഒരാളുമായ മോഹൻലാലിന്റെയും സാമ്പത്തിക ഇടപാടുകൾ ഊഹിക്കാവുന്നതാണ്.കേന്ദ്ര ഗവൺമെന്റിന്റെ അന്വേഷണ ഏജൻസികളും മറ്റു മുഖേന ഇവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ വരാൻ വലിയ പ്രയാസമില്ല.അവിടെയാണ് ഇത് ഭീതിയുടെ അല്ലെങ്കിൽ പേടിയുടെ നിഴലിൽ ചെയ്തതാണോ അല്ലയോ എന്നുള്ള ചോദ്യം ഉയരുന്നത്. അതാകാനേ വഴിയുള്ളൂ എന്നതാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.
ഈ ചിത്രത്തിൻറെ തിരക്കഥാകൃത്ത് മുരളി ഗോപി ഇപ്പോഴും മൗനം ലംഘിച്ചിട്ടില്ല.വളരെയധികം ആലോചനക്കും ചർച്ചയ്ക്കും ഒക്കെ ശേഷം എടുക്കപ്പെടുന്ന ഒരു സിനിമയിലെ രംഗങ്ങൾ അബദ്ധവശാൽ വന്നതാണെന്ന് ഒരിക്കലും കരുതാൻ പറ്റില്ല. കാരണം അത്രയ്ക്ക് അധികം പരിശ്രമങ്ങൾ ഓരോ ഷോട്ടുകളുടെയും പിന്നിൽ നടന്നിട്ടുണ്ടാവും. അത് വ്യക്തമായ ബോധ്യത്തിന്റെയും സിനിമയെക്കുറിച്ച് മൊത്തത്തിലുള്ള കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാകും.ഈ സാഹചര്യത്തിൽ വ്യക്തമായ ഒരു ധാരണ പ്രേക്ഷകരുടെ മുൻപിലേക്ക് അതല്ലെങ്കിൽ മലയാളി സമൂഹത്തിൻറെ മുൻപിലേക്ക് വെക്കേണ്ടത് സംവിധായകനാണ്.അദ്ദേഹം അതിന് തുനിഞ്ഞിട്ടില്ല.മാത്രമല്ല മോഹൻലാൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്.ഇതും സൂചിപ്പിക്കുന്നത് ഇതിൻറെ അണിയറ പ്രവർത്തകർ കേന്ദ്രസർക്കാരിൻറെ അന്വേഷണ ഏജൻസികളെ പേടിച്ചു എന്നുള്ളത് തന്നെയാണ്. ഇതിലൂടെ കലാരംഗത്ത് പ്രവർത്തിക്കുന്നവർ അധികാരത്തെ നോക്കി വേണം തങ്ങളുടെആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കേണ്ടത് എന്ന നിശബ്ദവും എന്നാൽ അതിശക്തവുമായ ഒരു സംസ്കാരത്തിൻറെ ഉറപ്പിക്കലാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്