ബിനോയ് വിശ്വം എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സാംസ്കാരിക പരിമിതി

സിപിഐയിലെ സൗമ്യനും ബുദ്ധിജീവിയും കവിയും ഒക്കെയായി സ്വയം കരുതുകയും മറ്റുള്ളവർ അങ്ങനെ പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഇത്ര ഔന്നത്യത്തിലുള്ള വ്യക്തിയും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടായിരിക്കാം അദ്ദേഹത്തിൻറെ ചില പ്രസ്താവനകൾക്ക് തീരെ നിലവാരമില്ലാതെ വരുന്നു. സാംസ്കാരികമായി ഒട്ടും പരിഷ്കൃതമാകാത്ത മനുഷ്യരാണ് തങ്ങൾക്ക് അസ്വീകാര്യമായ സന്ദർഭങ്ങളിൽ മറ്റുള്ളവരെ ശാരീരികമായി കടന്നാക്രമിക്കുക. സാധാരണ ഇത്തരം സന്ദർഭങ്ങൾ തെരുവിൽ കാണാറുണ്ട്. ചെവിക്കുറ്റി, കരണക്കുറ്റി ഒക്കെ അടിച്ചു തകർത്തു കളയും എന്നുള്ള പോർവിളികൾ.
തമിഴ്നാട് ഗവർണർ ആർ. എൻ.രവി തടഞ്ഞു വച്ചിരുന്ന തമിഴ്നാട് സർക്കാരിൻറെ 10 ബില്ലുകൾ സുപ്രീംകോടതി നിയമമാക്കിയത് നമ്മളുടെ ഭരണഘടനയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്നതാണ്. ജനാധിപത്യ സംവിധാനം കൈകാര്യം ചെയ്യുന്നവർ അതിൻറെ മൂല്യത്തെ കൈവിടുമ്പോൾ അതിനെ നമ്മളുടെ നീതിന്യായ വ്യവസ്ഥ നിരീക്ഷിച്ച് ശരിയാക്കുന്നു. എന്നാൽ ഈ സന്ദർഭത്തിൽ ബിനോയ് വിശ്വം വിശേഷിപ്പിച്ചത് കേന്ദ്രസർക്കാരിൻറെ കരണക്കുറ്റിക്ക് കിട്ടിയ അടിയാണ് എന്നാണ് . ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും വിദ്യാഭ്യാസം ഉള്ളവരിൽ നിന്നും ഇത്തരത്തിലുള്ള വികാര പ്രകടനങ്ങൾ വരുന്നത് സമൂഹത്തിൽ കുറ്റവാസനയെ പ്രേരിപ്പിക്കും. ഇത്രയും ഉന്നതനായ ഒരു വ്യക്തി ഇങ്ങനെ പെരുമാറുമ്പോൾ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ എന്ന ചിന്ത അബോധ പൂർവ്വമായി ആളുകളിൽ പ്രവേശിക്കും.ഇങ്ങനെയാണ് ഒരു സമൂഹത്തിൻറെ ഉള്ളിൽ കുറ്റവാസനയും ഹിംസയും ഒക്കെ പ്രവേശിക്കുന്നത്.