സംസ്കാരം : മാറേണ്ട ബിംബധാരണകൾ

സംസ്കാരം എന്ന വാക്ക്.ഇത് കേട്ട് കഴിഞ്ഞാൽ പെട്ടെന്ന് കല,സാഹിത്യം കലാരൂപങ്ങൾ ,സാംസ്കാരിക നായകർ എന്നറിയപ്പെടുന്ന വ്യക്തികൾ തുടങ്ങിയ ബിംബങ്ങളും ചിന്തകളുമാണ് സാധാരണ പൊന്തി വരാറുള്ളത്. അത് , ആ വിധം സംസ്കാരത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത് ഉറപ്പിച്ചതിന്റെ ഫലവുമാണ്.
യഥാർത്ഥത്തിൽ കലാരൂപങ്ങളും അതേപോലെ സാഹിത്യ അനുബന്ധ പ്രവർത്തനങ്ങളും സംസ്കാരത്തിൻറെ ചില ഭാവപ്രകടനങ്ങൾ മാത്രമാണ്. കാരണം സംസ്കാരം എപ്പോഴും അദൃശ്യമായി തുടരുകയും അതേസമയം മനുഷ്യൻറെ ഓരോ ചിന്തയേയും വാക്കിനെയും പ്രവർത്തിയെയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും ആകുന്ന ജൈവഘടകമാണ്. അതുകൊണ്ടാണ് ആ വാക്ക് സംസ്കാരം എന്നറിയപ്പെടുന്നത്. ഒരു ജനതയുടെ ജീവിതത്തെ സംസ്കരിച്ച് അതിൽ നിന്ന് തെളിഞ്ഞുവരുന്ന അതി സൂക്ഷ്മമായ പ്രതിഭാസമാണ് ഈ സംസ്കാരം.
വ്യക്തികളുടെ സ്വഭാവം സംഭാഷണങ്ങൾ, സംഭാഷണങ്ങളിലെ വൈകാരിക പ്രകടനങ്ങൾ, പരസ്പര ബഹുമാന രീതി, പ്രകൃതിയുമായുള്ള ഇടപെടൽ, വികസനത്തെ കാണുന്ന കാഴ്ച ,ബന്ധങ്ങൾ, സമൂഹത്തിലെ സാമൂഹിക സ്ഥാപനങ്ങൾ, കുടുംബവ്യവസ്ഥിതി ഇത്തരമുള്ള എല്ലാ ക്രമബദ്ധമായ എല്ലാറ്റിനെയും നിലനിർത്തുന്നത് ഈ സംസ്കാരമാണ്.
സംസ്കാരം എപ്പോഴും ഒരു സമൂഹത്തിൽ മാറിക്കൊണ്ടുമിരിക്കും.അവിടെയാണ് ഏറ്റവും സൂക്ഷ്മമായ ശ്രദ്ധ അനിവാര്യമായി വരുന്നത്.എന്തെന്നാൽ ഈ മാറ്റം സംസ്കാരത്തെ കൂടുതൽ ഔന്നത്യത്തിലേക്ക് കൊണ്ടുപോകുന്നതുപോലെ ചില നടപടികൾ നിലവിലുള്ളതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ടുപോകുന്നതിലേക്കും നയിക്കും. മോശപ്പെട്ട അവസ്ഥയിലേക്ക് പോകുന്ന പക്ഷം സംസ്കാരം ഒരു സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ക്ഷയിക്കും. വിപരീതഫലം ഉണ്ടാകുകയും ചെയ്യും.അത് ആത്യന്തികമായി ആ സമൂഹത്തിൻറെ നാശത്തിലേക്ക് നയിക്കും.അതുകൊണ്ടാണ് ഒരു സമൂഹത്തെ അല്ലെങ്കിൽ ഒരു ജനതയെ നശിപ്പിക്കണമെങ്കിൽ അവരുടെ സംസ്കാരത്തെ നശിപ്പിച്ചു തുടങ്ങിയാൽ മതി എന്ന് പറയുന്നത്.