ട്വന്റി-20 ലോകകപ്പിനും ഏകദിന ലോകകപ്പിനും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ വേദിയാകുന്നു. 2016-ലെ ട്വന്റി-20, 2021 ലെ ടെസ്റ്റ്, 2023 ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യയില്‍ നടത്താനാണ് ശനിയാഴ്ച ലണ്ടനില്‍ നടന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) വാര്‍ഷിക യോഗത്തില്‍ തീരുമാനമായത്.
നാലാം തവണയാണ് ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. 2017ല്‍ നടക്കുന്ന ഐ.സി.സി.യുടെ പ്രഥമ ടെസ്റ്റ് ലോകകപ്പിന് ഇംഗ്ലണ്ടായിരിക്കും വേദിയൊരുക്കുക. ജൂണ്‍ -ജൂലായ് മാസങ്ങളിലായിരിക്കും മത്സരങ്ങള്‍ . ഇന്ത്യയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റ് ഫിബ്രവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കും. 2021 ല്‍ നടക്കേണ്ട രണ്ടാമത്തെ ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകും.
നിരവധി പുതിയ തീരുമാനങ്ങളും വാര്‍ഷിക യോഗത്തില്‍ ഐ.സി.സി കൈക്കൊണ്ടു. നാലു വര്‍ഷത്തിനുള്ളില്‍ 16 ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിക്കുന്ന ടീമുകള്‍ക്ക് മാത്രമേ ടെസ്റ്റ് പദവി ലഭിക്കുകയുള്ളൂ. വാതുവെപ്പിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.