Skip to main content
ന്യൂഡല്‍ഹി

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി നടത്തുന്ന അഭിരുചി പരീക്ഷ ഇംഗ്ലീഷില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഭാഷയുടെ പേരില്‍ വിദ്യാര്‍ഥികളോട് അനീതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യു.പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ വിഷയം രാജ്യസഭയില്‍ ഉയര്‍ന്നപ്പോള്‍ മറുപടി നല്‍കിയ ഉദ്യോഗസ്ഥ കാര്യ സഹമന്ത്രി ജീതേന്ദ്ര സിങ്ങ് ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

 

നൈപുണിയെ ഭാഷയുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, വ്യാഴാഴ്ച ഓണ്‍ലൈന്‍ ആയി നല്‍കിയ ഈ വര്‍ഷത്തെ പരീക്ഷയുടെ പ്രവേശന കാര്‍ഡുകള്‍ റദ്ദാക്കുന്നതിന് വേണ്ടി ഇടപെടാന്‍ അദ്ദേഹം വിസമ്മതിച്ചു. അത് സര്‍ക്കാര്‍ തീരുമാനമല്ല, യു.പി.എസ്.സിയുടെ കലണ്ടര്‍ അനുസരിച്ചുള്ള നടപടിയാണെന്ന് മന്ത്രി പറഞ്ഞു. യു.പി.എസ്.സി 2010-ല്‍ ആണ് ഒബ്ജക്ടീവ് മാതൃകയിലുള്ള അഭിരുചി പരീക്ഷകള്‍ ആരംഭിച്ചതെന്നും അന്ന്‍ ആരും എതിര്‍ക്കാതിരുന്നതെന്താണെന്നും മന്ത്രി അതിശയം പ്രകടിപ്പിച്ചു.  

 

ഈ വിഷയത്തില്‍ 2012-ല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‍ യു.പി.എ സര്‍ക്കാര്‍ മൂന്നഗ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സമിതിയോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ ഇന്ന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

 

ആഗസ്ത് 24-നാണ് ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രാഥമിക ഘട്ട പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.