Skip to main content
കൊച്ചി

cn karunakaran

 

പ്രമുഖ ചിത്രകാരന്‍ സി.എന്‍.കരുണാകരന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആയിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

 

പൗരാണികത തുടിക്കുന്ന തനതായ ശൈലിയിലൂടെയാണ് സി.എന്‍ കരുണാകരന്‍ മലയാള ചിത്രകലയില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. വർണങ്ങളിലെ അത്ഭുതപ്പെടുത്തുന്ന വൈവിധ്യം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. എണ്ണച്ചായം,​ ജലച്ചായം,​ അക്രിലിക്,​ ഇനാമൽ പെയിന്റിംഗ് എന്നിങ്ങനെയുള്ള വിവിധ കലാമാധ്യമങ്ങള്‍ കരുണാകരന് ഒരുപോലെ വഴങ്ങി.

 

കേരള സര്‍ക്കാര്‍ 2009-ലെ രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ച അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ അധ്യക്ഷനും കേരളത്തിലെ ആദ്യ സ്വകാര്യ ആര്‍ട് ഗാലറിയായ ചിത്രകൂടത്തിന്റെ സ്ഥാപകനുമായിരുന്നു. ഒരേ തൂവല്‍പക്ഷികള്‍, അശ്വത്ഥാമാവ്, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

 

1940-ൽ ഗുരുവായൂരിലെ ബ്രഹ്മകുളത്താണ് ജനിച്ച കരുണാകരന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തേ ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ചു. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍  ഡി.പി റോയ് ചൗധരി, കെ. സി. എസ് പണിക്കര്‍ തുടങ്ങിയ അതികായരുടെ ശിക്ഷണമാണ് പക്ഷേ, ചിത്രകാരന്‍ എന്ന നിലയില്‍ കരുണാകരനെ പരുവപ്പെടുത്തിയത്.

 

1973-ലാണ് ചിത്രകൂടം ആര്‍ട് ഗാലറി കരുണാകരന്‍ സ്ഥാപിച്ചത്. എന്നാല്‍, കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായമാകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ഥാപനം 1977-ല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.

 

മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം മദ്രാസ് ലളിതകലാ അക്കാദമി പുരസ്കാരം,​ കേരള ലളിതകലാ അക്കാദമി പുരസ്കാരം (മൂന്നു തവണ),​ പി.ടി. ഭാസ്കര പണിക്കർ പുരസ്കാരം,​ മലയാറ്റൂർ രാമകൃഷ്ണൻ പുരസ്കാരം,​ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് എന്നിവയും കരുണാകരന് ലഭിച്ച അംഗീകാരങ്ങളില്‍ പെടുന്നു.

 

ഈശ്വരിയാണ് സി.എന്‍. കരുണാകരന്റെ ഭാര്യ. മക്കള്‍: അമ്മിണി, ആയില്യന്‍.