റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനായെന്ന് രാഹുല്‍ ആരോപിച്ചു. കരാറിന് പത്ത് ദിവസം മുമ്പ് തനിക്കാണ് കരാര്‍ ലഭിക്കാന്‍ പോകുന്നതെന്ന വിവരം അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. ഇതിന് തെളിവായി എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ സന്ദേശം രാഹുല്‍ പുറത്തുവിട്ടു.
അനില്‍ അംബാനി എങ്ങനെ വിവരമറിഞ്ഞുവെന്ന് തങ്ങള്‍ക്കറിയില്ലെന്ന് പ്രതിരോധമന്ത്രിയും എച്ച്.എ.എല്‍ ഉദ്യോഗസ്ഥരും വിദേശകാര്യ സെക്രട്ടറിയും പറയുന്നു. ഇതു ശരിയാണെങ്കില്‍ പ്രധാനമന്ത്രിയാണ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചത്. പ്രധാനമന്ത്രി ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്നും ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനു മോഡിക്കെതിരെ കേസെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തത് കൊണ്ടാണ് മോഡി ജെ.പി.സി അന്വേഷണം ഭയക്കുന്നത്. വിശദമായ അന്വേഷണം പ്രധാനമന്ത്രിക്കെതിരേ നടത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.