പിണറായി വിജയൻ അതീവ അസ്വസ്ഥൻ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ അത്യധികം മാനസികമായ വേദനയും അസ്വസ്ഥതയും അനുഭവിക്കുന്ന ഘട്ടത്തിലൂടെ കടന്നു പോകുന്നു. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലെ അദ്ദേഹത്തിൻറെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയിലേക്കാൾ അദ്ദേഹത്തെ ഇത്തരം ഒരു മാനസികാവസ്ഥയിൽ എത്തിച്ചത് അച്ഛൻ എന്ന നിലയാവണം. ഏത് അച്ഛനാണെങ്കിലും മകൾ ഇത്തരം ഒരു വിചാരണ നേരിടുമ്പോൾ മനോവേദന ഉണ്ടാവുക സ്വാഭാവികം. അത് മനസ്സിലാക്കാവുന്നതുമാണ്.
എന്നാൽ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തിൻറെ പ്രതികരണം ആ സ്ഥാനത്തിന് യോജിച്ചതായില്ല. കാരണം അദ്ദേഹം മാധ്യമപ്രവർത്തകരോട് ആണ് സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിൻറെ ഉത്തരം കേട്ടത് കേരള സമൂഹമാണ് . നിങ്ങൾക്ക് സാമാന്യബുദ്ധി ഇല്ലേ എന്ന ചോദ്യം യഥാർത്ഥത്തിൽ കേരള ജനതയോട് ആണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. സാമാന്യ ബുദ്ധിയുള്ള ഏത് മലയാളിയിലും ഉണ്ടായിരുന്ന ചോദ്യം തന്നെയാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചത്. എന്നാൽ അതിനെ അദ്ദേഹം തികച്ചും വ്യക്തിപരമായ നിലയിൽ കാണുകയും തൻറെ ചോരയല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം ആ വിഷയത്തിന് വിരാമമിടുകയുമാണ് ചെയ്തത്.ഇന്ത്യയിലെ ജനായത്ത സംവിധാനത്തിന്റെ ശക്തിശിലകൾ ഇളകുന്ന കാഴ്ചയും കൂടിയാണ് ആ നിമിഷങ്ങളിലൂടെ കേരളം കണ്ടത്.