Skip to main content
Delhi

 unemployment

രാജ്യത്തെ തൊഴില്‍ ലഭ്യതയും തൊഴില്‍ നഷ്ടവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പി.സി മോഹനനും അംഗമായ ജെ.വി മീനാക്ഷിയും രാജിവച്ചു.

 

തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ഇരുവരുടെയും രാജി. 2017-18 കാലത്തെ തൊഴില്‍ ലഭ്യതയും തൊഴില്‍ നഷ്ടവും സംബന്ധിച്ചുളള റിപ്പോര്‍ട്ടാണ് പുറത്തുവിടാതിരിക്കുന്നത്. ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ ശക്തി സര്‍വേ റിപ്പോര്‍ട്ട് ഡിസംബറില്‍ കമ്മിഷനു കിട്ടിയെങ്കിലും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട് എന്നാണ് വിവരം.

 

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ രണ്ട് സര്‍ക്കാര്‍ ഇതര അംഗങ്ങളായ ഇവരുടെ കാലാവധി 2020 വരെയായിരുന്നു. മുഖ്യ സ്റ്റാറ്റിറ്റീഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവയും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും മാത്രമാണ് ഇനി കമ്മിഷനില്‍ അവശേഷിക്കുന്നത്.

 

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു എന്ന കോണ്‍ഗ്രസിന്റെ ആരോപണം സാധൂകരിക്കുന്നതാണ ഈ സംഭവം.