Skip to main content

take off poster

 

വിശക്കുന്നവരുടെ മുന്നിൽ ഭക്ഷണം തന്നെയാണ് ദൈവം. സ്വാഭാവികമായും അതു കൊടുക്കുന്നയാളെ ചിലപ്പോൾ ദൈവതുല്യമായി കണക്കാക്കും. അതും നല്ലതു തന്നെ. എന്നാൽ ഭൂമുഖത്തുള്ള മനുഷ്യരുടെ നിലനിൽപ്പിന് ആധാരമായ അന്നം ഉണ്ടാക്കിത്തരുന്ന കരങ്ങളുടെ ഉടമസ്ഥരെ നാം പലപ്പോഴും ഓർക്കാറില്ല. അതുകൊണ്ടു തന്നെ യുഗങ്ങളായി കർഷകരും കർഷകത്തൊഴിലാളികളുമൊക്കെ അവരർഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയി. അതവരുടെ ജീവിതത്തെയും ബാധിച്ചു. ചൂഷണത്തിനും ഇരകളായി. മനുഷ്യചരിത്രഗതിയിലെ വൻ ചതിയായി അതിപ്പോഴും അവശേഷിക്കുന്നുണ്ട്. ഉള്ളതു കാണാൻ കഴിയാതെ പോകുന്ന മനുഷ്യന്റെ അശ്രദ്ധയിൽ നിന്നു സംഭവിക്കുന്നതാകാം അത്. ഈ യാഥാർഥ്യത്തിലേക്കു വിരൽ ചൂണ്ടുന്നതാണ് ടേക്ക് ഓഫ് സിനിമയുടെ പോസ്റ്ററിലെ വാചകം. ഒരാളെ രക്ഷിക്കുന്നയാൾ ഹീറോ, അനേകം പേരെ രക്ഷിക്കുന്നയാള്‍ നഴ്‌സ്. ഇന്നും നഴ്‌സുമാരില്‍ ഭൂരിഭാഗം പേരും ചൂഷണം നേരിടുന്നവരാണ്. രണ്ടു രീതിയിലാണ് ചൂഷണം സംഭവിക്കുന്നത്. ഇവരുടെ തൊഴിലിൽ അവർക്ക് പരിമിതമായ തെരഞ്ഞെടുപ്പുകളേ ഉള്ളു. കാരണം രോഗിയുടെ ആവശ്യങ്ങളാണ് ഇവരുടെ തൊഴിലിനെ നിശ്ചയിക്കുന്നത്. ഓരോ രോഗിയുടെയും ആവശ്യങ്ങൾ വിഭിന്നം. തൊഴിൽപരമായി അവരിൽ വേണ്ട ശ്രദ്ധയും വിശ്രമമില്ലായ്മയും ഒരു വശത്ത്. മറുവശത്ത് ചെയ്യുന്ന ജോലിക്ക് അർഹമായ വേതനം ലഭിക്കാത്തതിന്റെ ചൂഷണം. ഇതിനിടയിലാണ് ഇവരുടെ ജീവിതം ഞെരുങ്ങി നീങ്ങുന്നത്. ആ നീങ്ങലിൽ പലപ്പോഴും അവരിലേക്കു നോക്കിയിരിക്കുന്ന കുടുംബാംഗങ്ങളെ അവർക്ക് കാണേണ്ടി വരുന്നു.

 

ഏതു തൊഴിൽ ചെയ്താലും ആ തൊഴിലിന്റെ സ്വഭാവം വ്യക്തിയെ സ്വാധീനിക്കുകയും അത് വ്യക്തിത്വത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. നഴ്‌സിംഗ് തൊഴിലാവുമ്പോൾ മറ്റുള്ളവരുടെ അസൗകര്യങ്ങളെ മനസ്സിലാക്കി സ്വന്തം ജീവനും ജീവിതവും കൊണ്ട് അവർക്ക് സൗകര്യമുണ്ടാക്കിക്കൊടുക്കുക എന്നതാണ് നഴ്‌സിംഗിന്റെ പ്രത്യേകത. ഈ പ്രത്യേകത കൊണ്ടാവാം നഴ്‌സുമാരുടെ കുടുംബാംഗങ്ങളുടെ ഭാരത്തെ പലപ്പോഴും നഴ്‌സായി മാറുന്നവർക്ക് കാണാതിരിക്കാൻ കഴിയാതെ വരുന്നത്. അങ്ങനെ പലപ്പോഴും അവരുടെ ജീവിതം തന്നെ അവർ മറന്നു പോകുന്നു. ഈ മറവിയും ന്‌ഴ്‌സിംഗ് തൊഴിലിന്റെ സമ്മാനം തന്നെ. ടേക്ക് ഓഫിൽ നഴ്‌സിന്റെ വേഷത്തിലെത്തുന്ന നായികയിലൂടെ പ്രേക്ഷകനിലേക്ക് ഇതുവരെ കടന്നു വന്നിട്ടില്ലാത്ത നഴ്‌സിംഗിന്റെ ചില വശങ്ങൾ ഉപബോധമനസ്സിലേക്ക് അറിയാതെ പതിക്കുന്നു. സിനിമ കണ്ടിറങ്ങുമ്പോൾ ദു:ഖം കൊണ്ടല്ലാത്ത, എന്നാൽ എന്തുകൊണ്ടെന്ന് നിർവചിക്കാൻ കഴിയാതെയുള്ള ഒരു കണ്ണുനനവ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നു മഹേഷ് നാരായണന്റെ സംവിധാനത്തിൽ തയ്യാറാക്കിയ ടേക്ക് ഓഫ്. പലപ്പോഴും പലരും പറഞ്ഞതാണെങ്കിലും കേൾക്കാതെ പോയത് കേൾപ്പിച്ചു ടേക്ക് ഓഫ്.

 

ബാഗ്ദാദിൽ നഴ്‌സായി ജോലി ചെയ്യുമ്പോൾ നായിക സമീറ തന്റെ അതുവരെയുള്ള  ജീവിതം ഒരു വാചകത്തിലൂടെ വെളിവാക്കുന്നു. അതിങ്ങനെ: 'കുട്ടിയായിരുന്നപ്പോൾ ഉപ്പ, കല്യാണം കഴിഞ്ഞപ്പോൾ ഫൈസൽ, ഇപ്പ ഇവനും'. ആദ്യവിവാഹം ദുബൈയിലെ ഒരു വ്യവസായിയുമായിട്ടായിരുന്നു. ആ ബന്ധം വേർപെടുത്തേണ്ടി വന്നത് തന്റെ ജീവിതത്തെ വിവാഹമെന്ന വേലിക്കകത്ത് തളച്ചിടാൻ തയ്യാറാകാതിരുന്നതിന്റെ പേരിൽ. ഇറാഖിലെത്തുന്നത് പുനർവിവാഹം ചെയ്ത ഭർത്താവുമായി. ആദ്യഭർത്താവിന്റെ ബിസിനസ്സ് തകർന്ന്‍ അയാള്‍ക്ക് തന്നോടൊപ്പമുണ്ടായിരുന്ന മകനെ പോറ്റാൻ നിവൃത്തിയില്ലാത്തതിനാൽ മകനെ സമീറയെ ഏൽപ്പിക്കുന്നു. അപ്പോൾ അവൾ ഗർഭിണിയായിരുന്നു. തന്റെ മകനെ കണ്ടപ്പോൾ അവൾക്ക് അവനിൽ നിന്നും ഗർഭം തൽക്കാലം മറച്ചു വയ്ക്കണമെന്നു തോന്നി. ആ ഗതികേടിലൂടെ കടന്നുപോകുമ്പോഴാണ് മുകളിൽ സൂചിപ്പിച്ച വാചകം അവളിൽ നിന്നു പുറത്തു ചാടിയത്.

 

തിക്രിത് ഐ.എസ് തീവ്രവാദികളാൽ ആക്രമിക്കപ്പെട്ടപ്പോൾ യുദ്ധത്തിന്റെ തീവ്രത തന്റെ ജീവിതയുദ്ധത്തെ ഒന്നുമല്ലാതാക്കി സമീറയുടെ മുന്നിൽ രംഗപ്രവേശം ചെയ്യുകയായിരുന്നു. ആശുപത്രി ഒരേസമയം തീവ്രവാദികളാൽ സൃഷ്ടിക്കപ്പെട്ട ജയിലും ശുശ്രൂഷാ കേന്ദ്രവുമായി മാറി. സ്വന്തം രക്ഷയെക്കുറിച്ചു ചിന്തിക്കാൻ പോലും നിൽക്കാതെ അവൾക്ക് മറ്റുള്ളവരുടെ രക്ഷയ്ക്കായി  ജീവിതം വിനിയോഗിക്കേണ്ടി വന്നു. ആകെയുണ്ടായിരുന്ന ആശ്വാസം നഴ്‌സ് കൂടിയായ തന്റെ ഭർത്താവ് തന്നോടൊപ്പമുണ്ടെന്നുള്ളതായിരുന്നു. ഒടുവിൽ ശുശ്രൂഷയ്ക്കായി അയാൾക്കും യുദ്ധമുഖത്തേക്കും പോകേണ്ടി വരുന്നു. മൂന്നു കൊല്ലം മുമ്പ് നടന്ന യഥാർഥ സംഭവത്തെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ടേക്ക് ഓഫിന്റെ കഥ പറയുന്നത്. ഒരു യഥാർഥ സംഭവത്തിൽ സർഗ്ഗാത്മകത കൂടി കലർത്തി മനോഹരമായി എങ്ങനെ കഥപറയാമെന്നതിനുള്ള ഉദാഹരണം കൂടിയായി ടേക്ക് ഓഫ്.

 

ലോകത്തിന്റെ വർത്തമാന ഗതിയേയും യുദ്ധത്തിന്റെ അർഥശൂന്യതയേയും മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളും ഗതികേടുകളും ദുരിതങ്ങളും ദുരന്തങ്ങളുമെല്ലാം ഏതാനും ചില വ്യക്തികളിലൂടെ ടേക്ക് ഓഫ് അനാവരണം ചെയ്യുമ്പോൾ ജീവിതത്തിന്റെ ചില നൈതികകളിലേക്കും ഈ ചിത്രം വെളിച്ചം വീശുന്നത് ഇന്നത്തെ കോലാഹല ലോകത്തിൽ നിന്നും പ്രേക്ഷകർക്കു ലഭിക്കുന്ന ഒരു ടേക്ക് ഓഫ് തന്നെ.

 

ടേക്ക് ഓഫിന്റെ വിജയത്തിൽ പ്രധാന ഘടകങ്ങളിലൊന്ന് സമീറയായി വേഷം പകർന്ന നടി പാർവ്വതിയുടെ ഉജ്ജ്വല പ്രകടനം തന്നെ. വ്യക്തിജീവിതത്തിന്റെയും ലോകത്തിന്റെയും ഗതിവിഗതികൾ സൂക്ഷ്മ ഭാവങ്ങളിലൂടെ അതിഭാവുകത്വമില്ലാതെ പകരുന്നതിൽ അവർ വിജയിച്ചു. അതുപോലെ സമീറയുടെ രണ്ടാം ഭർത്താവ് ഷഹീദായി  വേഷമിട്ട കുഞ്ചാക്കോ ബോബനും ഇന്ത്യൻ സ്ഥാനപതിയായി രംഗപ്രവേശം ചെയ്ത ഫഹദ് ഫാസിലും മികച്ചു നിന്നു. ഷാൻ റഹ്മാനും ഗോപിസുന്ദറും ചേർന്ന് സൃഷ്ടിച്ച സംഗീതം കാഴ്ചാനുഭവത്തെ ആഴമുളളതാക്കി. അതുപോലെ സാനു ജോൺ വർഗ്ഗീസിന്റെ ഛായാഗ്രഹണവും ടേക്ക് ഓഫിനോട് നീതി പുലർത്തി.

 

ട്രാഫിക്കിലൂടെ മലയാള സിനിമയിൽ ഇടം നേടിയ അന്തരിച്ച രാജേഷ് പിള്ളയുടെ ഭാര്യ മേഘയുടെ  നേതൃത്വത്തിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്റോ ജോസഫും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. മേഘയുടെ സാന്നിദ്ധ്യത്തിലൂടെ ഒരു വനിതയുടെ ജീവിതഘട്ടത്തിലെ ഉയിർത്തെഴുന്നേൽപ്പും കൂടിയായി ടേക്ക് ഓഫ്.


suresh babuഎച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥനാണ് സുരേഷ് ബാബു