Skip to main content

Gujarat-Elections

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 ഇടത്തും വിജയിച്ച് ബി.ജെ.പി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 115 സീറ്റിലെ വിജയത്തില്‍ നിന്ന് ഇക്കുറി 99 സീറ്റിലേക്കായി ബി.ജെ.പി ചുരുങ്ങി. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ശക്തമായ മത്സരമാണ്  ഉണ്ടായത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 61സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചിരുന്നതെങ്കില്‍ അത് ഇത്തവണ 77ആയി ഉയര്‍ന്നു. മാത്രമല്ല വോട്ട് വിഹിതക്കണക്കുള്‍ പരിശോധിക്കുമ്പോഴും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്. ബി.ജെ.പിക്ക് 49.1ശതമാനവും കോണ്‍ഗ്രസിന് 41.5 ശതമാനം വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്.

 

ഗുജറാത്ത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വി ജനായത്ത സംവിധാനത്തിലുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതാണ്.കഴിഞ്ഞ 22 വര്‍ഷങ്ങളായി ബി.ജെ.പി അധികാരത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് പതിവില്‍ കവിഞ്ഞ പക്വത പാലിച്ചു. ആത്മവിശ്വാസത്തോടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയും തിരഞ്ഞെടുപ്പിനെ നേരിട്ടതുകൊണ്ടാണ് മോശമല്ലാത്ത പ്രകടനം കോണ്‍ഗ്രസിന് പുറത്തെടുക്കാനായത്. ഇതിലൂടെ രാജ്യത്ത് ഒരു പ്രതിപക്ഷമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിക്കും കൂട്ടര്‍ക്കുമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ഫലത്തില്‍ വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സന്ദേശം വ്യക്തവുമാണ്.

 

കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെന്ന് പറയുമ്പോഴും അതിന് പിന്നിലെ കാരണം രാഷ്ട്രീയമല്ല, ഭരണ വിരുദ്ധ വികാരമാണ്. ആ വികാരമുള്ള സമാന ചിന്താഗതിക്കാരായ ഹര്‍ദിക് പട്ടേലിനെയും ജിഗ്നേഷ് മേവാനിയെയും അല്‍പേഷ് താക്കൂറിനെയും അവരുടെ സംഘടനകളെയും ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ രാഹുലിനായി. സംഘടനാപരമായി ഗുജറാത്തില്‍ വലിയ ശക്തിയൊന്നുമില്ലാത്ത കോണ്‍ഗ്രസിന് മാന്യമായ പരാജയം നേടിക്കൊടുത്തതും രാഹുലിന്റെ ഈ നേതൃ തന്ത്രമാണെന്ന്‌ അംഗീകരിക്കേണ്ടിയിരിക്കുന്നു.

 

ഗ്രാമീണ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന് പിന്തുണ കിട്ടിയിരിക്കുന്നത്. നഗരവാസികളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും മോഡിയെ ഇപ്പോഴും വിശ്വസിക്കുന്നു. ഗ്രാമീണരെയും നഗരവാസികളെയും മറ്റ് ജനവിഭാഗങ്ങളെയും ഒരു പോലെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ പാര്‍ട്ടികളും ഓര്‍ക്കണമെന്നാണ് ഗുജറാത്ത് പറഞ്ഞു വെക്കുന്നത്. നിലവില്‍ ആ ഏകോപന പ്രക്രിയയില്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനുണ്ട്, ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍. പുതിയ നയരൂപീകരണത്തിലൂടെയും നിലപാടുകളിലൂടെയും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് സ്വയം ഉയരുകയും ഭരണ പക്ഷത്തെ ഉണര്‍ത്തുകയും ചെയ്യേണ്ട നിര്‍ണായക സമയമാണിത്. മറിച്ച് ഈ പ്രകടനത്തെ മാത്രം മുന്‍നിര്‍ത്തി 2019 ലേക്ക് പോയാല്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങാന്‍ പോകുന്നത് മാന്യമല്ലാത്ത തോല്‍വിയായിരിക്കും.

 

നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും തല്‍ക്കാലം ആശ്വസിക്കാം ഇത്ര വലിയ പ്രചരണങ്ങള്‍ ഉണ്ടായിട്ടും പിടിച്ചു നില്‍ക്കാനായതില്‍. എന്നാല്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് അനായാസ മായിരിക്കില്ല. എതിര്‍ പക്ഷം ഉണ്ടാകും ബി.ജെ.പിക്ക്, എതിരാളിയുമുണ്ടാകും മോഡിക്ക്.