റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറായി രഘുറാം രാജന് ബുധനാഴ്ച ചുമതലയേറ്റു. ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന രാജന്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. അന്‍പതുകാരനായ അദ്ദേഹത്തിന്റെ കാലാവധി മൂന്നുവര്‍ഷമാണ്.
കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ റിസര്‍വ് ബാങ്കിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് രാജനെന്ന്‍ സ്ഥാനമൊഴിയുന്ന ഡി. സുബ്ബറാവു പറഞ്ഞു. എന്നാല്‍, രാജ്യം നേരിടുന്ന സാമ്പത്തിയ പ്രതിസന്ധി പരിഹരിക്കാന്‍ എളുപ്പവഴികള്‍ ഒന്നുമില്ലെന്ന് സ്ഥാനമേറ്റെടുക്കുന്നതിനു മുന്‍പായി രാജന്‍ പറഞ്ഞു. ബാങ്കിന്റെ 23-ാമത് ഗവര്‍ണറാണ് രാജന്‍.
അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്)യില്‍ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായി ജോലി ചെയ്യവേ രാജന്‍ നടത്തിയ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പ്രവചനമാണ് അദ്ദേഹത്തിന് വ്യാപക ശ്രദ്ധ നേടിക്കൊടുത്തത്. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം യു.എസ്സിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് ഗവേഷണ ബിരുദം നേടിയത്.