റിസർവ് ബാങ്കിന്റെ പുതിയ ഗവർണ്ണറായി ഡോ.രഘുറാം ജി. രാജൻ നിയമിതനായത് നല്കുന്ന ശക്തമായ സൂചനകൾ പ്രതീക്ഷയുടേതാണ്. കാരണം ചരിത്രത്തിന്റെ നിർണ്ണായക ഘട്ടത്തിലാണ് വളരെ പ്രവാചകസ്വഭാവമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ ധാതുഘടകങ്ങൾ അടിസ്ഥാനമായി ചിന്താഗതിയെ നിയന്ത്രിക്കുന്ന ഒരു വ്യക്തി ഈ സ്ഥാനത്തേക്ക് വരുന്നത്. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയ്ക്ക് ആദ്യമായാണ് അമേരിക്കൻ സാമ്പത്തികശാസ്ത്ര വീക്ഷണത്തില്‍ നിന്ന് മാറിച്ചിന്തിക്കുന്ന ഒരാളെ കേന്ദ്ര ബാങ്കിന്റെ നായകനായി ലഭിക്കുന്നത്. കഴിഞ്ഞ ആഗസ്തിലാണ് ഡോ.രാജൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഔദ്യോഗിക ചുമതലയിലേക്കു വന്നത്. റിസർവ് ബാങ്കില്‍ അമ്പതുകാരനായ രാജന്റെ നായകത്വം വരുംനാളുകളില്‍ ഇന്ത്യയില്‍ യഥാർഥ അർഥത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായാല്‍ അതിശയിക്കേണ്ടതില്ല. അങ്ങിനെ വന്നില്ലെങ്കില്‍ രാജന്റെ നിയമനം വൻപരാജയത്തില്‍ കലാശിക്കുന്നതായിരിക്കും. എന്നാല്‍, അതിന്റെ സാധ്യത വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ചരിത്രവും ചുരുങ്ങിയ കാലത്തെ ഉപദേശകപദവി കൊണ്ട് ഇന്ത്യയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആ വിധത്തിലുള്ളതാണ്.
ഡിജിറ്റല്‍ യുഗത്തിലേക്ക് നാം ശക്തമായി പ്രവേശിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റേതാണ് വർത്തമാനകാലം. സുതാര്യതയും സംഘസാധ്യതയുമാണ് ഡിജിറ്റല്‍ ടൂളിന്റെ സ്വഭാവ മുഖമുദ്ര. അത് നാം കണ്ടറിഞ്ഞ് പ്രയോഗിച്ചില്ലെങ്കില്‍ ക്രമേണ ഉപകരണം അതിന്റെ സ്വഭാവം പ്രകടമാക്കും. വിക്കിലീക്ക്സും, സ്നോഡന്റെ പലായനവും, എന്തിന് സോളാർ തട്ടിപ്പിലെ സരിതയുടെ ഫോണ്‍വിളികളിലൂടെ കലങ്ങിമറിഞ്ഞ് കുഴഞ്ഞു കൂഴച്ചക്കപ്പരുവത്തില് കിടക്കുന്ന സംസ്ഥാനരാഷ്ട്രീയവും മാധ്യമപ്രവർത്തനത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റവുമെല്ലാം ഡിജിറ്റല്‍ ടൂൾ അതിന്റെ ശക്തമായ സ്വഭാവ സവിശേഷത പുറത്തെടുക്കുന്നതാണ്. ആഗോള നെറ്റ് വർക്കില്‍ സാധ്യത രഹസ്യത്തേക്കാൾ സുതാര്യതയ്ക്കാണ്. കാരണം ഈ ടൂളിന്റെ ശക്തി സുതാര്യതയിലായതുകൊണ്ടു തന്നെ. ഈ സുതാര്യത സർഗ്ഗാത്മകമായ മികവിലേക്കുയരണമെങ്കില് സുതാര്യതയോടൊപ്പം സമാധാനത്തിന്റെ അടിസ്ഥാനതത്വം പശ്ചാത്തലമായുണ്ടാകണം. ഏകസൂത്രത്തില്‍ കെട്ടിയിട്ടിട്ടുള്ളതുപോലെ വൈവിധ്യസംസ്കാരത്തിന്റെ രാജ്യമായ ഇന്ത്യയില്‍ എന്തുതന്നെ അലോസരപ്പെടുത്തുന്ന അശുഭവാർത്തകളുണ്ടെങ്കിലും സമാധാനപ്രിയം തന്നെയാണ് മുഖ്യമുഖം. അതേസമയം അമേരിക്കൻ സംസ്കാരത്തിന്റെയും സാമ്പത്തിക സമ്പ്രദായത്തിന്റേയും അടിസ്ഥാനതത്വം യുദ്ധത്തിന്റേതാണ്.
ഡിജിറ്റല്‍ യുഗത്തിലെ സുതാര്യതയില്‍ യുദ്ധം പരിമിതിയും സമാധാനം സാധ്യതയുമാണ് പ്രദാനം ചെയ്യുന്നത്. ഈ തിരിച്ചറിവില്‍ നിന്നുള്ള അടിസ്ഥാന കാഴ്ച്ചപ്പാടാകാം ഡോ.രാജനെ 2005-ല്‍ യു.എസ്സും പടിഞ്ഞാറൻ ലോകവും 2008-ല്‍ നേരിടാൻ പോകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രവചിക്കാൻ പ്രാപ്തനാക്കിയത്. അതും അദ്ദേഹത്തിന്റെ ഔദ്യോഗികമേഖലയില്‍ ജ്വലിച്ചു നില്ക്കുന്ന സമയത്ത്. ആ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഐ.ഐ.എം അഹമ്മദാബാദ് സഹപാഠികള്‍ നേതൃത്വത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തും സാമ്പത്തിക കുതിപ്പിന്റെ ചുക്കാൻ പിടിക്കുകയായിരുന്നു. അഥവാ കുമിളസൃഷ്ടിയിലായിരുന്നു. സാമ്പത്തികമാന്ദ്യത്തിനു ശേഷം ഒരു ലേഖനത്തില്‍ ഡോ. രാജൻ പറഞ്ഞു, 'വികസിത രാജ്യങ്ങൾ തങ്ങളുടെ പൊതുകടഭാരവുമായി ദശാബ്ദങ്ങൾ മല്ലിടും എങ്ങിനെയെങ്കിലുമൊന്ന് കരകയറാൻ. പക്ഷേ, അവരുടെ സെൻട്രല്‍ ബാങ്കുകൾ കമ്പോളത്തിന് നല്കിയ ഉത്തേജന-പിന്താങ്ങല് വാഗാദാനങ്ങളില്‍ നിന്നും ദയനീയമായി പിൻവലിയും. കമ്പോളങ്ങൾ ആ പിന്താങ്ങലില് വിശ്വസിച്ചായിരിക്കും അപ്പോഴും നിലനില്ക്കുക' ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്സില്‍ പ്രൊഫസറായിരിക്കവേയാണ് ഡോ.രാജൻ അമേരിക്കൻ സാമ്പത്തിക സമ്പ്രദായത്തെ നിശിതമായി വിമർശിച്ചതും അത് പരാജയമാണെന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാട്ടിയതും. ദില്ലി ഐ.ഐ.ടിയില്‍ നിന്ന് ഐ.ഐ.എമ്മിലൂടെ മാസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയ രാജന് സ്വന്തം കാഴ്ച്ചപ്പാടിന്റ പിൻബലത്തില്‍ പ്രസിദ്ധമായ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമായ അവസരങ്ങളേയും അറിവിനേയും പരുവപ്പെടുത്തിയതാണ് ചെറുപ്രായത്തില്‍ തന്നെ ലോകശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞത്.
ഡോ.മൻമോഹൻ സിങ്ങും, പി.ചിദംബരവും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക്ക് സിങ്ങ് അലുവാലിയായും കൂടി ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് പരാജയപ്പെട്ട അമേരിക്കൻ സാമ്പത്തിക സമ്പ്രദായത്തിന്റെ തനിപ്പകർപ്പാണ്. അവർ തങ്ങൾക്ക് വശമുള്ള രീതിയുടെ വക്താക്കളായും പ്രയോക്താക്കളായും തുടർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ യു.എസ്സും പടിഞ്ഞാറും നേരിടുന്ന പിടികിട്ടായ്മ അവരും നേരിടുന്നുണ്ട്. അതുകൊണ്ടാവും പരീക്ഷണമെന്ന നിലയില്‍ ആദ്യം ഡോ.രഘുറാം രാജൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ആദ്യം അവരോധിക്കപ്പെട്ടത്. രഘുറാമിന്റെ സാമ്പത്തികനയത്തിന്റെ കാതലായ വശം സുതാര്യതയ്ക്ക് കൊടുക്കുന്ന ഊന്നലാണ്. രഹസ്യതയും നിഗൂഡതയും അമേരിക്കൻ സാമ്പത്തികനയത്തിന്റെ മുഖമുദ്രയായി തുടരുമ്പോൾ എതിർദിശയിലാണ് രാജൻ നിലകൊള്ളുന്നതെന്നു കാണാം. നോളജ് മിഷന് ചെയർമാൻ സാം പിത്രോഡയുടെ സാന്നിദ്ധ്യവും ഈയവസരത്തില്‍ നിര്‍ണ്ണായകമാണ്. അദ്ദേഹവും പരാജയപ്പെട്ട അമേരിക്കൻ സമ്പ്രദായത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ ശക്തിയുടെ പുന:സ്ഥാപനത്തിനായി അലുവാലിയയോട് ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
എന്തെല്ലാം ആരോപണങ്ങൾ നേരിടേണ്ടിവന്നുവെങ്കിലും യു.പി.എ സർക്കാർ ദീർഘവീക്ഷണത്തോടെ കാലത്തോട് പ്രതികരിച്ചുകൊണ്ട് കൊണ്ടുവന്ന നടപടികൾ കുറച്ചുകാണാനാവില്ല. അതില്‍ ഏറ്റവും പ്രധാനം ആധാർ കാർഡിലൂടെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ്. ഇ-ഗവേണൻസാണ് അതിലൂടെ നടപ്പിലാവുന്നത്. ഇ-ഗവേണൻസ് ലക്ഷ്യപ്രാപ്തി ഉറപ്പാക്കിക്കൊണ്ട് അഴിമതിയെ അകറ്റിനിർത്താൻ സഹായിക്കുന്നു. അത്തരം നടപടിയിലൂടെ മാത്രമേ അഴിമതി ഇല്ലാതാവുകയുള്ളു. ഇന്ത്യയിലെ മുഴുവൻ പൗരരും സര്‍ക്കാരുമായി ഐ.ഡി കാർഡിലൂടെ ബന്ധപ്പട്ട് (സംഘം) നിലകൊള്ളുകയും ഇ-ഗവേണൻസിലേക്കു നീങ്ങുകയും ചെയ്യുകയാണെങ്കില്‍ ചുരുങ്ങിയപക്ഷം ഇന്ത്യയില്‍ വില്ലേജാപ്പീസുകളില്‍ നിലനില്‍ക്കുന്ന അഴിമതിയുടെ എഴുപതു ശതമാനം വരെ വേണമെങ്കില്‍ ഇല്ലാതാക്കാം. തീവണ്ടിയില്‍ മൊബൈല്‍ ടിക്കറ്റ് കാണിക്കുന്ന പോലെ ജാതിസർട്ടിഫിക്കറ്റും വരുമാനസർട്ടിഫിക്കറ്റുമൊക്കെ മൊബൈലില്‍ കാണിക്കാവുന്ന അവസ്ഥ വരും. അല്ലെങ്കില്‍ ഐ.ഡി കാർഡ് നമ്പർ അറിയിച്ചാല്‍ മതിയാകും.
യു.പി.എ സർക്കാറിന്റെ രണ്ടാം പകുതിക്കുശേഷം സംഭവിച്ച സാമ്പത്തിക സുതാര്യ നടപടികളുടെ പിന്നില്‍ ഡോ.രാജന്റെ സാന്നിദ്ധ്യവും കാണാവുന്നതാണ്. ആ നിലയ്ക്ക് സുതാര്യവും യാഥാസ്ഥിതികമല്ലാത്ത സാമ്പത്തിക നയങ്ങളിലൂടെയും ഇന്ത്യയുടെ കേന്ദ്രബാങ്കിനെ വിപ്ലവാത്മകമായി ഈ ചെറുപ്പക്കാരൻ വിനിയോഗിക്കുമെന്ന് കരുതാനാണ് തെളിവുകൾ പ്രേരിപ്പിക്കുന്നത്. അലുവാലിയയും സമ്മതിക്കുന്നു, ഇന്ത്യൻ സാമ്പത്തികരംഗത്ത് നേതൃത്വരാഹിത്യമാണ് ഇന്നനുഭവപ്പെടുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ ഇന്ത്യൻ സാമ്പത്തികരംഗം ഏതു ദിശയില്‍ നീങ്ങുമെന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കപ്പെടുക. ആ നിലയ്ക്ക് ശരിയായ നേതൃത്വം നല്‍കാനുള്ള അക്കാദമിക്ക് പ്രൊഫഷണല്‍ പരിജ്ഞാനം ഡോ.രാജനുണ്ടെന്ന് അലുവാലിയ പറയുകയുണ്ടായി. അത് ഡോ.രാജൻ നേരത്തേ പറഞ്ഞുവെച്ച അമേരിക്കൻ സമ്പ്രദായം ഇന്ത്യയില്‍ പരാജയപ്പെട്ടുവെന്ന് അലുവാലിയയും സമ്മതിക്കുന്നതിനു തുല്യമാണ്. എന്തായാലും വരും നാളുകൾ മാറ്റത്തിന്റേതല്ലാതാകാൻ സാധ്യത കുറവാണ്.