Skip to main content

'മഹാരാജ് ' അതിമനോഹരം ആക്കാമായിരുന്നു ഒരു സിനിമ

'മഹാരാജ് ' അതിമനോഹരം ആക്കാമായിരുന്നു  ഒരു സിനിമ

അതിമനോഹരമായ ദൃശ്യാനുഭവമായി മാറേണ്ടിയിരുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് മഹാരാജ് . പ്രാഥമിക വിലക്കിന് ശേഷം, കോടതി സിനിമ കണ്ടു അനുമതി നൽകിയതിനെ തുടർന്നാണ് മഹാരാജ് നെറ്റ് ഫ്ലക്സ് പ്ലാറ്റ്ഫോമിൽ എത്തിയത്.ആമിർഖാന്റെ മകൻ ജുനൈദ് ഖാൻ്റെ അരങ്ങേറ്റ  സിനിമ. ഒറ്റവാക്കിൽ പറഞ്ഞാൽ സിദ്ധാർത്ഥ് പി മൽഹോത്രയുടെ സംവിധാനപരിമിതി വിളിച്ചോതുന്ന വിജയിക്കാമായിരുന്നു ഒരു സിനിമ. 

           1860 കളിൽ അന്നത്തെ ബോംബെയിൽ ഒരു പത്രപ്രവർത്തകന്റെ നേതൃത്വത്തിൽ  ജീർണിച്ച ഹാവേലി സംസ്കാരത്തിന് എതിരെ  നടത്തപ്പെട്ട വിജയകഥയാണ് മഹാരാജ് പറയുന്നത്. ഹാവേലിയിലെ വൈഷ്ണവ വിഭാഗത്തിൻറെ ആൾദൈവമായി മാറിയ ഒരാൾ ആചാരത്തിന്റെ പേരിൽ നടത്തിപ്പോന്ന രതി വൈകൃതങ്ങൾക്കെതിരെയാണ് കർശൻ ദാസൻ എന്ന പത്രപ്രവർത്തകൻ പോരാട്ടം നടത്തുന്നത്. ശരിക്കും ഒറ്റയാൾ പോരാട്ടം.ആൾബലവും സമ്പത്തും ഇല്ലാതെ.എന്നാൽ ആൾദൈവത്തിനൊപ്പം അതെല്ലാം ഉണ്ട് തനും .

       രതി വൈകൃതത്തെ ദൈവ കോപം അകറ്റാനുള്ള അനുഷ്ഠാനമായി ആ ജനത അത് കാണുന്നു. അടിമത്തത്തിന്റെ അവസ്ഥയാണ് വൈഷ്ണവ വിഭാഗത്തിന്റെ പേരിൽ ആൾദൈവമായി അവതരിച്ച് ജെജെ മഹാരാജ് എന്ന കഥാപാത്രം ചൂഷണം നടത്തുന്നത്.

 എക്കാലത്തും രാഷ്ട്രീയ പ്രസക്തിയുള്ള ഒരു പ്രമേയത്തെ ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ അതിമനോഹരമായി തന്നെയാണ് തയ്യാറാക്കിയിരുന്നത്.എങ്കിലും തിരക്കഥയുടെ ദൗർബല്യവും ആ സിനിമയുടെ വിജയത്തിന് തടസ്സമായിട്ടുണ്ട്.ജുനൈദ് ഖാന്റെ കന്നിച്ചിത്രം എന്ന നിലയിൽ ഇതിനെ പരാജയമായോ വിജയമായോ കാണാൻ പറ്റാത്ത അവസ്ഥ. കാരണം ഈ സിനിമയിലെ ഏറ്റവും എടുത്തുപറയേണ്ട ഘടകം ഇതിലെ കൊറിയോഗ്രാഫിയാണ്. പ്രമേയത്തെ കൂടുതൽ ശക്തമാക്കാൻ ശേഷിയുള്ള കൊറിയോഗ്രാഫിയാണ് ഓരോ കഥാപാത്രങ്ങളിലും  പശ്ചാത്തലങ്ങളിലും തെളിഞ്ഞു നിന്നിരുന്നത്.

      ജുനൈദ് ഉൾപ്പെടെ ഈ സിനിമയിൽ വേഷമിട്ട എല്ലാവരും തങ്ങളുടെ കഥാപാത്രത്തിനോട് പൂർണമായും നീതിപുലർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് പ്രേക്ഷകനിലേക്ക് എത്തേണ്ട വിധം ക്യാമറകൾ ചലിച്ചതുമില്ല അതിനെ നിയന്ത്രിക്കാൻ സംവിധായകന് കഴിഞ്ഞതുമില്ല.

 

           പതിവ് ഹിന്ദി സിനിമകളിലെ ചേരുവകൾക്കനുസൃതമായ രീതിയിൽ വേണമെങ്കിൽ കൊണ്ടുപോകാമായിരുന്ന സന്ദർഭങ്ങൾ ഒട്ടനവധി മഹാരാജിലുണ്ട്.എന്നാൽ അത്തരത്തിൽ ഒരു വാസന ഈ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ പ്രകടമായിരുന്നില്ല. എന്നാൽ ആവശ്യത്തിലേറെ ഗൗരവം മുറ്റിയ സന്ദർഭങ്ങൾ ആയിരുന്നുമില്ല. ചാരുതയും ഗൗരവവും രണ്ടും ഇല്ലാത്ത അവസ്ഥയിലൂടെ മഹാരാജ് തുടക്കം മുതൽ അവസാനം വരെ കടന്നുപോയി.

 

Ad Image