ഇത് പി.എസ് സിയുടെ ആവശ്യമില്ലാത്ത കാലം

പി.എസ്.സിയുടെ ആവശ്യം ഒട്ടുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. യോഗ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ചിത്രമാണ് യു.പി.എസ്.സിയും പി.എസ്.സിയും നമ്മുടെ മുന്നിൽ വയ്ക്കുന്നത്. കാര്യക്ഷമത, സേവന മനസ്ഥിതി, സത്യസന്ധത,സഹാനുഭൂതി, ഊർജ്ജസ്വലത , പഠന വൈഭവം, സാങ്കേതികത പ്രയോഗിക്കാനുള്ള നൈപുണ്യം എന്നിവയുള്ളവർ,കൈക്കൂലി വാങ്ങാനുള്ള സാധ്യത, സഹജമായ കുറ്റവാസന എന്നിവ ഇല്ലാത്തവർ എന്നിങ്ങനെയുള്ളവരെ അവരുടെ അപേക്ഷപോലുമില്ലാതെ ആവശ്യാനുസരണം അനായാസം കണ്ടെത്തി നിയമിക്കാം. നിലവിലെ നിർമ്മിത ബുദ്ധി തന്നെ അതിന് ധാരാളം. കുറ്റമറ്റവിധം റിസർവേഷൻ അടിസ്ഥാന നിയമനവും സാധ്യമാകും.ഇപ്പോൾ തന്നെ കേന്ദ്ര സർക്കാരിൻ്റെ റാ [റിസർച്ച് അനാലിസിസ് വിംഗ് ] ഈ വിധത്തിൽ ആൾക്കാരെ കണ്ടെത്തി നിയമിക്കുന്നുണ്ട്. അതുപോലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ അഭിമുഖത്തിനേക്കാൾ കൂടുതൽ പ്രാധാന്യം ഈ അന്വേഷണത്തിനാണ് നൽകിത്തുടങ്ങി. യു.പി.എസ്.സിക്കു പറ്റിയ അബദ്ധത്തിൻ്റെ ഫലമാണ് അഴിമതിക്കാരും കാര്യശേഷിയുമില്ലാത്ത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ. ഉദാഹരണം ശ്രീറാം വെങ്കിട്ടരാമൻ. ആ യുവാവിൽ ഒളിഞ്ഞു കിടന്നിരുന്ന കുറ്റകൃത്യവാസന യു.പി.എസ്.സി ക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എ.ഐ. ആയിരുന്നുവെങ്കിൽ അനായാസം മുന്നറിയിപ്പ് തന്നേനെ. ആള് മിടുക്കൻ. സിവിൽ സർവ്വീസിന് പറ്റില്ല. ക്രിമിനൽ അഭിഭാഷകനായാൽ കേസ്സുകൾ നടത്തി വിജയിപ്പിക്കും. നിർമ്മിത ബുദ്ധിയെ ഇക്കാര്യത്തിൽ ആശ്രയിച്ചാൽ നമുക്ക് നല്ല ഭരണസംവിധാനവും ഒപ്പം ജനായത്തശാക്തീകരണവും സാധ്യമാകും.