Skip to main content
വാഷിംഗ്‌ടണ്‍

syria crisisസിറിയയിലെ രാസായുധങ്ങള്‍ പൂര്‍ണമായും അന്താരാഷ്‌ട്ര നിയന്ത്രണത്തിലാക്കിയാല്‍ സിറിയക്കെതിരെ ആക്രമണം നടത്തരുതെന്ന റഷ്യന്‍ നിര്‍ദേശം സിറിയ അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌. റഷ്യ മുന്നോട്ടു വച്ച നിര്‍ദ്ദേശത്തോട് സഹകരിക്കാമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് അല്‍ മുവല്ലം പ്രഖ്യാപിക്കുകയായിരുന്നു. രാസായുധം അന്താരാഷ്‌ട്ര പരിശോധനക്ക് വിധേയമാക്കിയാല്‍ സിറിയക്കെതിരെ നടപടിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു.  

 

യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യയുടെ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുടെ നടപടി അംഗീകരിക്കുന്നത്തിന്‍റെ ഭാഗമായി രാസായുധങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് സമര്‍പ്പിക്കാന്‍ ഒരുക്കമാണെന്നും വാലിദ് അല്‍ മുവല്ലം പറഞ്ഞു. ഒട്ടു മിക്ക രാജ്യങ്ങളും പിന്തുണയുമായി രംഗത്ത് വന്നതോടെ സിറിയയില്‍ തല്‍ക്കാലം സൈനിക നടപടികള്‍ ഉണ്ടാവില്ലെന്നാണ് സൂചന.  

 

അതേസമയം സിറിയന്‍ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ഈ ആഴ്ച ചര്‍ച്ച നടത്തും. സിറിയന്‍ സര്‍ക്കാരിനെ റഷ്യയും യു.എസ്സിനെ വിമതരും പിന്താങ്ങുന്ന സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചക്കായി ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ സൈനിക നടപടി ഒഴിവാക്കാനാവില്ലെന്ന് ഒബാമ പറഞ്ഞു. സിറിയന്‍ പ്രസിഡന്റ്‌ ബഷാര്‍ അൽ അസദിന്‍റെ ഭരണകൂടം രാസായുധം പ്രയോഗിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആഗസ്ത് 21 ന് നടന്ന രാസായുധപ്രയോഗത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. രാസായുധം പ്രയോഗിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അസദ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഒബാമ പറഞ്ഞു. സിറിയന്‍ പ്രശ്നത്തെക്കുറിച്ച് വൈറ്റ്‌ഹൌസില്‍ നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. രാസായുധങ്ങള്‍ സിറിയ രാജ്യാന്തര സംഘത്തിന് കൈമാറണമെന്ന റഷ്യയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും ഒബാമ പറഞ്ഞു.