വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഇടുക്കിയില്‍ വഴിയില്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി എം.പി ജോയ്സ് ജോർജിനെതിരെ പൊലീസ് കേസെടുത്തു. എം.പിക്കും കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചു പേർക്കുമെതിരെയാണ് കേസെടുത്തത്. അടിമാലി സി.ഐയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
മാമലക്കണ്ടം - ആവറുകുടി റോഡിലെ കലുങ്കുകൾ പൊളിച്ചത് പരിശോധിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ശനിയാഴ്ചയാണ് ജോയ്സ് ജോർജിന്റെ നേതൃത്വത്തിൽ തടഞ്ഞത്. ഇതേത്തുടർന്ന് ഉണ്ടായ സംഘർഷത്തില്‍ മന്ത്രിയെ എം.പി കയ്യേറ്റം ചെയ്തതായും ആരോപണം ഉയര്‍ന്നിരുന്നു. മന്ത്രിയെ പോലീസ് ജീപ്പില്‍ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. അതേസമയം, ഇടുക്കി ഡി.സി.സി അദ്ധ്യക്ഷന്‍ റോയ് കെ. പൗലോസ് തന്നെ കയ്യേറ്റം ചെയ്തതായി കാണിച്ച് ജോയ്സ് ജോര്‍ജ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
മൂന്ന്‍ മീറ്റര്‍ വീതിയില്‍ റോഡ് പണിയാന്‍ അനുമതി നല്‍കിയ സ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് തര്‍ക്കവിഷയമായിരിക്കുന്നത്. റോഡ് പണിയുടെ പ്രാരംഭമായി പണിത കലുങ്കുകളില്‍ മൂന്ന്‍ മീറ്റര്‍ കഴിച്ച് ബാക്കിയുള്ള ഭാഗം വനം വകുപ്പ് പൊളിച്ചുകളയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോയ്സ് ജോര്‍ജ് നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന്‍, പ്രശ്നം പരിഹരിക്കാന്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലപ്പെടുത്തുകയായിരുന്നു.