ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല് സുങ്ങിന്റെ ജന്മദിനത്തില് പ്യോംഗ് യാങ്ങില്‍ വന്‍ സൈനിക പരേഡ്. കിം ഇല് സുങ്ങിന്റെ കൊച്ചുമകനും രാഷ്ട്രത്തലവനുമായ കിം ജോങ്ങ് അന്നിന്റെ സാന്നിധ്യത്തില്‍ നടന്ന പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള സൈനിക സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
രാജ്യം തങ്ങളുടെ ആറാമത് ആണവ പരീക്ഷണത്തിനോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പറക്കല്‍ പരീക്ഷണത്തിനോ തയ്യാറെടുക്കുന്നതായ സൂചനകള്‍ക്ക് ഇടയിലാണ് പരേഡ് നടന്നത്. ഈ പശ്ചാത്തലത്തില്‍ യു.എസ് ഒരു നാവിക ആക്രമണ സംഘത്തെ ഉപഭൂഖണ്ഡത്തിലേക്ക് അയച്ചിട്ടുണ്ട്. ഉത്തര കൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങളും യു.എസ് ശക്തമാക്കിയിട്ടുണ്ട്.
കിം ജോംഗ് അന് കഴിഞ്ഞാല്‍ ഉത്തര കൊറിയയില്‍ ഏറ്റവും കരുത്തുറ്റ നേതാവെന്ന് കരുതുന്ന ചോ ര്യോംഗ് ഹേ പരേഡില്‍ യു.എസിനെ ശക്തമായി വിമര്‍ശിച്ചു. പരേഡിന്റെ തല്‍സമയ സംപ്രേഷണം ഔദ്യോഗിക ടെലിവിഷന്‍ അവസാനിപ്പിക്കുന്നത് വരെ അന് സംസാരിച്ചിരുന്നില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം യുദ്ധസാഹചര്യം സൃഷ്ടിക്കുകയാണെന്ന് ചോ കുറ്റപ്പെടുത്തി. യുദ്ധത്തെ യുദ്ധം കൊണ്ടും ആണവ യുദ്ധത്തെ തങ്ങളുടെ ശൈലിയിലുള്ള ആണവ ആക്രമണം കൊണ്ടും പ്രതിരോധിക്കുമെന്ന് ചോ പ്രസ്താവിച്ചു.
മേഖലയില്‍ യുദ്ധ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണെന്ന് നിരീക്ഷിച്ച ചൈന കഴിഞ്ഞ ദിവസം ഉത്തര കൊറിയയോടും യു.എസിനോടും തങ്ങളുടെ പ്രകോപനങ്ങള്‍ അവസാനിപ്പിക്കാനും യുദ്ധം പൊട്ടിപ്പുറപ്പെടുന്ന സ്ഥിതി ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു.
സ്ഥിതി കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണെന്ന് ട്രംപ് ഭരണകൂട അധികൃതര്‍ പ്രസ്താവിച്ചു. ഉത്തര കൊറിയ തങ്ങളുടെ ആണവ-മിസൈല്‍ പദ്ധതികളില്‍ കാര്യമായ പുരോഗതി നേടിയതും ഇരുഭാഗത്തും ശത്രുതാപരമായ നിലപാട് വര്‍ധിച്ചതും ഇതിന് കാരണമായി അധികൃതര്‍ പറയുന്നു. അതേസമയം, ഉത്തര കൊറിയ പുതിയ സൈനിക പരീക്ഷണം നടത്തിയാള്‍ എങ്ങനെ പ്രതികരിക്കണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.