പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനത്തിലൂടെ യു.എസ് ജനത ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളില്‍ ഒന്നിന്റെ അന്‍പതാം വാര്‍ഷികം ആചരിച്ചു. കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ 1963-ഇല്‍ നടത്തിയ വിഖ്യാതമായ ‘എനിക്കൊരു സ്വപ്നമുണ്ടായിരുന്നു’ എന്ന പ്രസംഗത്തിന്റെ സ്മരണയിലായിരുന്നു പ്രകടനം.
പൗരാവകാശ പ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്ടന്‍, മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ മകന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് മൂന്നാമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഷിങ്ങ്ടനിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നടന്ന പ്രകടനം. പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും കറുത്ത വര്‍ഗക്കാരായിരുന്നു.
1963 ആഗസ്ത് 28-ന് രണ്ടര ലക്ഷം പേര്‍ പങ്കെടുത്ത പ്രകടനത്തെ അഭിസംബോധന ചെയ്തായിരുന്നു ലിങ്കണ്‍ മെമ്മോറിയലിന്റെ പടികളില്‍ നിന്ന്‍ ‘എനിക്കൊരു സ്വപ്നമുണ്ടായിരുന്നു’ എന്ന പ്രസംഗം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് നടത്തിയത്. ഈ പ്രസംഗവും പ്രകടനവും ഉയര്‍ത്തിയ മുന്നേറ്റമാണ് യു.എസ്സില്‍ 1964-ഇല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുന്ന പൗരാവകാശ നിയമവും അടുത്ത വര്‍ഷം വോട്ടവകാശ നിയമവും പാസ്സാക്കാന്‍ ഇടയാക്കിയത്.
1964-ഇലെ നോബല്‍ സമാധാന സമ്മാനവും ലൂതര്‍ കിംഗിന് ലഭിച്ചു. 1968 ഏപ്രില്‍ നാലിന് തന്റെ 39-ാം വയസ്സില്‍ അദ്ദേഹം വധിക്കപ്പെട്ടു.
ലിങ്കണ്‍ മെമ്മോറിയല്‍ മാര്‍ച്ചിന്റെ വാര്‍ഷിക ദിനമായ ബുധനാഴ്ച സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ പരിപാടിയില്‍ പ്രസിഡന്റെ ബരാക് ഒബാമ സംസാരിക്കും.