രേഖാചിത്രം സിനിമാ ഭാഷയെ തിരിച്ചു പിടിച്ചു

സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.
രാമു സുനില്‍ എഴുതിയ ഈ കഥയും ഒരു പരീക്ഷണ സ്വഭാവമുള്ളതാണ്. സംഗതി ഒരു കുറ്റാന്വേഷണമാണ്. സിദ്ദിക്ക് അവതരിപ്പിച്ച രാജേന്ദ്രൻ എന്ന കഥാപാത്രം ഫേസ്ബുക്ക് ലൈവിലൂടെ ഒരു പെൺകുട്ടിയെ 1985 ൽ ശരീരത്തിൽ ജീവൻ തുടിക്കുമ്പോൾ കുഴിച്ചിട്ട കുഴിമാടത്തിന് മുകളിലിരുന്നാണ് ലൈവ് പോകുന്നത്.1985ൽ ചിത്രീകരിച്ച , മമ്മൂട്ടി നായകനായ കാതോടു കാതോരം എന്ന സിനിമയിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് ആ പെൺകുട്ടിയെന്ന് അനുമാനിച്ചു നടത്തുന്ന അന്വേഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
നിർമ്മിതബുദ്ധി ഉപയോഗിച്ച് 1985 ലെ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം സിനിമാ ചിത്രീകരണരംഗം പുനരാവിഷ്ക്കരിച്ചത് ഒട്ടും കല്ലുകടിയില്ലാതെ ആസ്വാദ്യമായി കടന്നുപോയി. അനശ്വര രാജ് ആണ് നായിക. അനശ്വരയുടെ കഥാപാത്രമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. എന്നാൽ ഉടനീളം അനശ്വര സിനിമയിൽ പ്രത്യക്ഷപ്പെടുന്നില്ല. വളരെക്കുറച്ച് രംഗങ്ങളിലാണ് അനശ്വരയുള്ളത്. എന്നാൽ ചിത്രം കണ്ടു കഴിയുമ്പോൾ അനശ്വര കാണികളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. നായകനായ ആസിഫ് അലിയുടെ പ്രകടനവും വളരെ സ്വാഭാവികമായി.
യഥാർഥ സംഭവങ്ങളുമായി ഇഴപിരിച്ചുള്ള കഥയായതിനാലാവണം സിനിമയിൽ പ്രയോഗിക്കുന്ന അതിഭാവുകത്വരംഗങ്ങൾ ഒട്ടും തന്നെയില്ലായിരുന്നു. ജോണ്‍ മന്ത്രിക്കലിന്റെ സ്ക്രിപ്റ്റും കൊള്ളം. ഒരു സംഘട്ടനരംഗമേ ഉള്ളു. അത് യഥാർതജീവിതത്തിൽ കാണുന്നവിധമാണ് നായകൻ വിജയിക്കുന്നുവെങ്കിലും കാണിച്ചിരിക്കുന്നത്. ഇതെല്ലാമാണ് സങ്കീർ ണ്ണമായ കഥയെ അനായസത്തോടെ പ്രേക്ഷകന് പിന്തുടരാൻ കഴിഞ്ഞത്.
മുജീബ് മജീദിന്‍റെ പശ്ചാത്തല സംഗീതവും മൊത്തത്തിലുള്ള സിനിമാ ഗതിയുമായി ചേർന്നു നീങ്ങി. എടുത്തു പറയേണ്ട മറ്റൊന്ന് ഇതിലെ മേക്കപ്പാണ്. ഈ സിനിമയെ യഥാർത്ഥ ജീവിതവുമായി ചേർത്ത് കാണുന്നതിൽ യഥാതഥ മേക്കപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ കുറ്റാന്വേഷണകഥയിലെ വില്ലൻ ഒരു വില്ലത്തിയാണെന്നുള്ളതാണ്. യൗവനത്തിലുണ്ടായിരുന്ന ആ കഥാപാത്രത്തിൻ്റെ നിഷ്ടൂരതയുടെ ഡി.എൻ.എ അതേപടി അവരുടെ വാർധക്യത്തിലും പ്രകടമാക്കുന്നതിൽ മേക്കപ്പ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.