അനോറ നിരാശപ്പെടുത്തുന്നു

ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നമ്മൾ മലയാളികളുടെ പോലും പുരികം ഉയർത്തുന്നു. ഏറ്റവും മികച്ച ചിത്രം ,മികച്ച സംവിധാനം , മികച്ച നടി എന്നിവയ്ക്കുള്ള പുരസ്കാരമാണ് അനോറ വാരിക്കുട്ടിയത്. ഈ സിനിമയുടെ സംവിധാനവും ആസ്വാദ്യതയും അതോടൊപ്പം മികച്ച നടി മൈക്ക് മാഡിസന്റെ അഭിനയവും എല്ലാം ഒരു ശരാശരി സിനിമയ്ക്ക് മുകളിൽ നിൽക്കുന്നു എന്നല്ലാതെ ഒന്നും പറയാൻ പറ്റുന്നില്ല. ഈ മൂന്ന് കാര്യങ്ങളിലും മലയാളത്തിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ഇതിനേക്കാൾ മെച്ചമായിരുന്നു എന്നു പറഞ്ഞാൽ അത് അതിശയോക്തിയും ആവില്ല
ഒരു സെക്സ് വർക്കറുടെ ജീവിതത്തെ ധൈര്യപൂർവ്വം അവതരിപ്പിച്ചതിന്റെ പേരിലാണോ അതോ പരിഗണനീയമായത് അവരുടെ അഭിനയ മികവാണോ?ആ കഥാപാത്രത്തിലെ അവതരിപ്പിച്ചതിൽ ധൈര്യം പരിഗണിക്കുകയാണെങ്കിൽ അവർ തീർച്ചയായിട്ടും ഓസ്കാർ പുരസ്കാരം അർഹിക്കുന്നുണ്ട്.എന്നാൽ അഭിനയ മികവിന്റെ കാര്യം പരിഗണിക്കുകയാണെങ്കിൽ അത് ശരാശരിക്ക് മുകളിൽ നിൽക്കുന്നു .കാരണം വളരെ സങ്കീർണതകൾ നിറഞ്ഞ മുഹൂർത്തങ്ങൾ അനോറയിൽ വളരെ പരിമിതമാണ്.ആ സന്ദർഭങ്ങൾ നന്നായിട്ട് തന്നെ മൈക്ക് മെഡിസിൻ കൈകാര്യം ചെയ്തിട്ടുണ്ട്.എന്നാൽ ഒരു ഓസ്കാർ പുരസ്കാര അഭിനയം എന്ന നിലയ്ക്ക് അത് പ്രേക്ഷകരിൽ അവശേഷിക്കുന്നില്ല.ഒരുപക്ഷേ അനോറയിലെ ക്ലൈമാക്സ് രംഗമായിരിക്കാം അവരുടെ അഭിനയ മികവിനായി ഓസ്കാർ സമിതി കണ്ടെത്തിയിട്ടുണ്ടാവുക.
അനോറ എന്ന സെക്സ് വർക്കറുടെ ജീവിതം കാണിക്കുന്ന ഈ സിനിമ പുതുതായി ഒന്നും തന്നെ പറയുന്നില്ല. ആകെ വേണമെങ്കിൽ കാണാൻ കഴിയാവുന്നത് ലോകത്തിൻറെ പൊതുവേയുള്ള കാപട്യ മുഖത്തിന്റെതാണ്. മൈക്കി മെഡിസൻ അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ കണ്ടവരില്‍ ഇഗോറിനെ മാത്രമാണ് ബലാൽസംഗം വീരനായി കാണുന്നത്. താൻ ആത്മാർത്ഥമായി സ്നേഹിച്ച റഷ്യക്കാരനായ ധനിക കുമാരനെ അവൾ അയാളുടെ കണ്ണുകളിൽ കണ്ട ആത്മാർത്ഥത കണ്ട് പുതുജീവിതത്തെ മോഹിച്ചു വിവാഹം കഴിക്കുന്നു. എന്നാൽ റഷ്യയിൽ നിന്നെത്തിയ അയാളുടെ അച്ഛനും അമ്മയും എത്തുമ്പോൾ അവർ ഒഴിവാക്കുന്നതുപോലെ നിഷ്പ്രയാസം അവളെ അയാൾ നിയമപരമായി ഒഴിവാക്കുന്നു.
ഇവരുടെ വിവാഹം അറിഞ്ഞ് ധനിക കുമാരനെയും അനോറയെയും ബലാൽക്കാരമായി കസ്റ്റഡിയിൽ എടുക്കാൻ വരുന്ന റഷ്യൻ ധനികന്റെ അമേരിക്കയിലെ ഏജന്റിന്റെ സംഘത്തിലെ ഒരംഗമാണ് ഇഗോർ. ഇവരുടെ ചെറുത്തുനിർപ്പിന് പ്രതിരോധിക്കുന്ന അനോറയെ ആദ്യം ശാരീരികമായി കീഴ്പ്പെടുത്തുന്നതും ഇഗോറാണ്. സിനിമയുടെ അവസാനം ഇഗോറും അനോറയും ഒന്നിച്ച് ആകുമ്പോൾ അവൾ അയാളുടെ കണ്ണിൽ നോക്കി"താനൊരു റേപ്പിസ്റ്റാണ്" എന്നവൾ പറയുന്നു. അവളുടെ ആ ധാരണ മാറി സെക്സിൻ്റെ മൂർധന്യമുഹൂർത്തത്തിൽ അവളിലെ സെക്സ് വർക്കറിൽ നിന്ന് മോചിതമാകുന്ന അവളിലെ തകർന്ന മാനുഷികവശം അയാളിലെ കരങ്ങൾക്കുള്ളിൽ ആശ്വാസം തേടുന്ന നിമിഷത്തിലാണ് സിനിമ അവസാനിക്കുന്നത്.
ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പ്രമേയങ്ങൾ ഇതിനുമുമ്പും ലോകസിനിമയിലെ പല ഭാഷകളിലും വന്നിട്ടുണ്ട്.എന്തിന് മലയാളത്തിലെ അവളുടെ രാവുകൾ പോലും .അവളുടെ രാവുകളിലെ ചില മുഹൂർത്തങ്ങളുടെ വൈകാരിക സൂക്ഷ്മതയോ അതിലെ അഭിനേത്രി സീമയുടെ പ്രകടനത്തിന്റെ അയലത്ത് പോലും അനോറ വരുന്നില്ല.സാങ്കേതികമായി അനോറയുടെ സിനിമയുടെ നിലവാരം വളരെ മുകളിലാണ്.
ഒരു സെക്സ് വർക്കറുടെ തൊഴിലിന്റെ സ്വഭാവവും അതിൻറെ തൊഴിൽ രീതികളും ഒക്കെ കഥാപാത്രത്തിലേക്ക് സന്നിവേശിക്കുന്നതിനായി ഒട്ടേറെ സെക്സ് രംഗങ്ങൾ തുടക്കം മുതൽ സിനിമയുടെ പകുതി വരെ കാണാൻ കഴിയും. ആവർത്തനം ഒരു പരിധിവരെ കഥാപാത്രത്തിന്റെ ആവിഷ്കാരത്തിന് യോജിച്ചതാണെങ്കിലും അത് അധികപ്പറ്റായി സിനിമയിൽ വിരസത സൃഷ്ടിക്കുന്നു.