മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ ഏഴ് പേര് പിടിയില്‍. കഴിഞ്ഞ ദിവസം മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ മധു(27) മരണപ്പെടുകയായിരുന്നു. സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
മധുവിനെ മര്‍ദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ മകന് മാനസിക പ്രശ്നം ഉണ്ടായിരുന്നെന്നും എന്നാല്‍ അവന് മോഷണം നടത്തില്ലെന്നും കൊല്ലപ്പെട്ട മധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മകനെ കൊന്നത് നാട്ടുരാണ്, പ്രദേശത്തെ ഡ്രൈവര്‍മാരും കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ അരോപിച്ചു.
മോഷ്ടാവെന്നാരോപിച്ച് പിടികൂടിയ മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് പോലീസിന് കൈമാറിയത് എന്നാണ് വിവരം. മധുവിനെ പിടികൂടി കൈകള്‍ ബന്ധിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കും.