ഓഖി ചുഴലിക്കാറ്റ് സാരമായി ബാധിച്ച വിഴിഞ്ഞത്തും പൂന്തുറയിലും കന്യാകുമാരിയിലും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍നം നടത്തി. മത്സ്യതൊഴിലാളികള്‍ക്ക് സംഭവിച്ച നഷ്ടം നികത്താനാവില്ല. പക്ഷെ കുടുംബങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും.ദുരന്തങ്ങളില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദേഹം പറഞ്ഞു.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവനന്തപുരം എംപി ശശി തരൂര്‍, വി.എസ്. ശിവകുമാര്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തെത്തിയ രാഹുല്‍ വിമാനത്താവളത്തില്‍നിന്നു തന്നെ പൂന്തുറയിലേക്ക് പോവുകയായിരുന്നു.
അതേസമയം ദുരന്തത്തില്‍ മരണം 72 ആയി. ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നാണ് ആറ് മൃതദേഹങ്ങളും കണ്ടെത്തിയത്. ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.
കാണാതായവരുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ് കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.