കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഏത് നിമിഷവും ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ് യു.എസ് എന്ന്‍ ഉത്തര കൊറിയ. സൈനിക നടപടിയ്ക്ക് യു.എസ് മുതിരുകയാണെങ്കില്‍ ഏത് രീതിയിലുള്ള യുദ്ധത്തിനോടും പ്രതികരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഉത്തര കൊറിയയുടെ യു.എന്‍ ഉപസ്ഥാനപതി കിം ഇന്‍ ര്യോങ്ങ് പറഞ്ഞു.
കാള്‍ വിന്‍സന്‍ ആണവവാഹിനി ആക്രമണ സംഘത്തിന്റെ വിന്യാസവും ദക്ഷിണ കൊറിയയുമായി ചേര്‍ന്നുള്ള സൈനിക അഭ്യാസങ്ങളും ഉത്തര കൊറിയയെ ആക്രമിക്കാനുള്ള യു.എസിന്റെ നീക്കം ഗൗരവമേറിയ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ര്യോങ്ങ് നിരീക്ഷിച്ചു.
ഉത്തര കൊറിയ ഒരു ആണവായുധ പരീക്ഷണമോ മിസൈല്‍ പരീക്ഷണമോ നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് മേഖല വീണ്ടും സംഘര്‍ഷഭരിതമായിരിക്കുന്നത്. ഇത് അനുവദിക്കാന്‍ ആകില്ലെന്ന നിലപാടില്‍ ശക്തമായ ഭാഷയിലുള്ള മുന്നറിയിപ്പാണ് യു.എസ് ഭരണകൂടം നല്‍കുന്നത്. സിറിയയിലും അഫ്ഘാനിസ്ഥാനിലും ഈയിടെ നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് എന്നത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു.