Skip to main content

 

നിലവിലുള്ള സാമൂഹ്യവ്യവസ്ഥയിൽ ഏറ്റവും ഉചിതമാണ് ജനായത്ത സംവിധാനം. ധാർമ്മികതയാണ് അതിന്റെ അടിസ്ഥാനം. എന്നാൽ അതുപോലും ബലംപിടിത്തമില്ലാതെ നടപ്പാകണമെന്നാണ് അതിന്റെ പ്രയോഗത്തിലെ സാരം. അത്രയ്ക്കാണ് അത് വ്യക്തിസ്വാതന്ത്ര്യത്തിന് നൽകുന്ന സ്ഥാനം. ആ ധാർമ്മികതയെ ഭദ്രമായി പൊതിയുന്നതാണ് അതിന്റെ സാങ്കേതികത്വം. ധാർമ്മികത പൂർണ്ണമായി ചോർന്നാലും എപ്പോഴും തിരുത്തലിനു അവസരമൊരുക്കിക്കൊണ്ട് അതിന്റെ സാങ്കേതികത്വം ആ സംവിധാനത്തെ നിലനിർത്തുന്നു. അതുകൊണ്ടാണ് അതിലെ സാങ്കേതികത്വങ്ങൾ അൽപ്പമെങ്കിലും പാലിക്കപ്പെടാതിരിക്കുകയാണെങ്കിൽ അത് അതീവ ഗുരുതര വീഴ്ചയായി കരുതുന്നത്.

 

ഉത്തർ പ്രദേശിലെ ബി.ജെ.പിയുടെ വിജയത്തെ മാധ്യമങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച് മാധ്യമങ്ങളിലൂടെ പ്രകടമാകുന്ന പൊതുചിന്തയുടെ മേൽ സ്വാധീനമുളളവർക്ക് അംഗീകരിക്കാനാകുന്നില്ല. അതിനേക്കാൾ യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിസ്ഥാനം ഒട്ടും തന്നെ സഹിക്കാൻ പറ്റുന്നില്ല. യു.പിയിലെ തെരഞ്ഞെടുപ്പും അവിടെ വന്നിരിക്കുന്ന മന്ത്രിസഭയും ജനായത്ത സംവിധാനത്തിന്റെ വിജയമാണ്. ചരിത്ര വിജയം നേടിയാണ് ബി.ജെ.പി അധികാരത്തിൽ വന്നതും. അതെല്ലാം അംഗീകരിക്കേണ്ട കാര്യങ്ങൾ തന്നെ. എന്നാൽ തങ്ങൾക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അവകാശമാണെന്ന് യു.പി ഭരണകൂടം ധരിക്കുന്നതും പ്രവർത്തിക്കുന്നതും എത്ര തന്നെ ന്യായീകരണമുണ്ടെങ്കിലും ഒരു ജനായത്ത സംവിധാനത്തിൽ പൊറുക്കാവുന്നതല്ല.

 

കുറ്റകൃത്യങ്ങൾക്ക് പ്രാകൃതമായ ശിക്ഷ വിധിക്കുന്ന രാജ്യങ്ങളുണ്ട്. പാകിസ്ഥാനിൽ പോലുമുണ്ട് മുക്കാലിയിൽ കെട്ടിയിട്ടടി തുടങ്ങിയുളള പ്രാകൃത ശിക്ഷാരീതികൾ. അറബ് രാജ്യങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും കഴുത്തുവെട്ടലുമെല്ലാം പതിവ് ശിക്ഷാരീതികളാണ്. ഇവിടെയെല്ലാം വിചാരണ കഴിഞ്ഞാണ് ശിക്ഷ വിധിക്കുന്നത്. ഇന്ത്യയിലും വിചാരണയും അനുബന്ധ നടപടിക്രമങ്ങളും മേൽക്കോടതി പരിശോധനയുമൊക്കെ കഴിഞ്ഞാണ് ശിക്ഷ നടപ്പാക്കുന്നത്. എന്നാൽ യു.പിയിലെ പോലീസ് വിചാരണ കൂടാതെ ഇത്തരം അറബ് രാജ്യങ്ങളിലെ ശിക്ഷാരീതികൾ പുതിയ സർക്കാർ വന്നതിനു ശേഷം നടപ്പിലാക്കുന്നു. ശരിയാണ്, സ്ത്രീ സുരക്ഷ വളരെ പരുങ്ങലിലുളള സംസ്ഥാനമാണ് യു.പി. അതുറപ്പാക്കുന്നതിനുള്ള സാമൂഹ്യ പദ്ധതികളും ഒപ്പം നിയമവ്യവസ്ഥയിലൂടെയുളള വ്യക്തമായ ശ്രമങ്ങളും ആവശ്യമാണ്. എന്നാൽ പെൺകുട്ടികളെ നിരത്തുകളിൽ കളിയാക്കുന്ന യുവാക്കളെ പോലീസ് കെട്ടിയിട്ട് തല്ലുന്നതിനേക്കാൾ പൈശാചികമായി പരസ്യമായി തല്ലിച്ചതയ്ക്കുന്നു.

 

രണ്ടു പേർ പോലീസ് ജീപ്പിന്റെ ഇരു ഭാഗത്തുമായി യുവാവിന്റെ കൈ വലിച്ചു പിടിക്കുന്നു. എന്നിട്ട് വാഹനത്തിന്റെ ബോണറ്റിലേക്ക് അഭിമുഖമായി ചേർത്തു പിടിക്കുന്നു. കനവും വൻ നീളവുമുള്ള ചൂരൽ കൊണ്ട് ദൂരെ നിന്ന് യുവാക്കളുടെ മുതുകിലും ചന്തിയിലും ആഞ്ഞാഞ്ഞടിക്കുന്നു. അടികൊണ്ടു പുളയുന്ന യുവാക്കൾ ബോണറ്റിൽ നെഞ്ചമർത്തി രണ്ടു കാലും ആകാശത്തേക്ക് ഉയർത്തി പ്രാണവേദനയിൽ അലറി വിളിക്കുന്നു. അതനുസരിച്ചു ഇരുവശത്തു നിന്നും കൈ പിടിക്കുന്നവർ അതു കൂടുതൽ വലിച്ചമർത്തുന്നു. ചുറ്റും നാട്ടുകാരും മറ്റ് പോലീസ് ഓഫീസർമാരും നോക്കി നിൽക്കുന്നു.

 

ഏതു കൊടും ക്രൂരകൃത്യം ചെയ്യുന്ന വ്യക്തിയാണെങ്കിൽ പോലും മനുഷ്യൻ അല്ലെങ്കിൽ ഒരു ജീവി എന്ന പരിഗണന നൽകേണ്ടതുണ്ട്. അത് വളരെ വ്യക്തമായി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുകയും ചെയ്യുന്നുണ്ട്. ആ ഉദാത്തമായ കാഴ്ചപ്പാട് ഭരണഘടന പുലർത്തുന്നതിനാലാണ് അതിനെ ചുവടുപിടിച്ചുകൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള കുറ്റാന്വേഷണങ്ങൾക്കും നീതിന്യായ നടത്തിപ്പിനും ശിക്ഷാരീതികൾക്കുമൊക്കെ മനുഷ്യത്വപരമായ മുഖം ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്. പോലീസിന് നിയമ പരിപാലനവും അതിന്റെ ഭാഗമായി നിയമ വ്യവസ്ഥ നടപ്പിലാകുന്നോ എന്ന് നോക്കാനും തുടർനടപടികളും നടത്താനുള്ള അധികാരമേ ഉള്ളു. ഒരിടത്തും ശിക്ഷ നൽകാനുള്ള അധികാരം പോലീസിന് ഇന്ത്യൻ ഭരണഘടനയോ ക്രിമിനൽ നടപടി ക്രമങ്ങളോ അനുവദിക്കുന്നില്ല. ഇവിടെ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിക്കു മുന്നിൽ ഹാജരാക്കാവുന്നതാണ്. കുറ്റക്കാരെങ്കിൽ കോടതി അവർക്കുള്ള ശിക്ഷ വിധിക്കുകയും ചെയ്യും. പകരം പോലീസ് നീതിന്യായം ഒരു മറയും കൂടാതെ കൈയ്യിലെടുക്കുകയാണ് ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള പോലീസിന്റെ നഗ്നമായ കടന്നു കയറ്റം കൂടിയാണത്.

 

മതമൗലികത നിലനിൽക്കുന്ന രാജ്യങ്ങളിലാണ് ഇത്തരം പ്രാകൃത ശിക്ഷാ നടപടികൾ പരസ്യമായി നടപ്പിലാക്കുന്നത്. ഒന്നു കൂടി ഓർക്കാം അതും വിചാരണയ്ക്കു ശേഷം. യു.പിയിലെ ഈ അടിശിക്ഷ അതു കാണുന്നവരിലേക്കും അനുഭവിക്കുന്നവരിലേക്കും കടത്തിവിടുന്നത് മതമൗലികതയുള്ള രാജ്യങ്ങളിലെ അന്തരീക്ഷമായിരിക്കും. ഇത് സമൂഹത്തിൽ ഭീതിയും അധികാരം കൈയ്യാളുന്നവർക്ക് എന്ത് ക്രൂരതകളിലും ഏർപ്പെടാനുള്ള അവസരവും ഒരുക്കും. അതാണ് ജനായത്തത്തിന്റെ ഒരു ദൗർബല്യവും.

 

പോലീസ് ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനു പകരം ഭീതി ജനിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറാനുള്ള സാഹചര്യമാണ് യു.പിയിൽ ഉയർന്നു വരുന്നത്. ഭീതി വർധിക്കുന്ന സമൂഹത്തിൽ എല്ലാവിധ തിന്മകളും വർധിച്ചുകൊണ്ടിരിക്കുമെന്നുള്ളതിൽ സംശയമില്ല. വളരെ നാളുകളോളം അതു ഗോപ്യമായിട്ടായിരിക്കും എന്നുമാത്രം. യു.പി സർക്കാരിന് ജനായത്തത്തിൽ കൂടുതൽ ബഹുമാനമാണ് ഉണ്ടാകേണ്ടത്. കാരണം അവ്വിധമാണ് അവിടുത്തെ ജനം വിശ്വാസമർപ്പിച്ചിരിക്കുന്നത്. അത് ഏതു പ്രാകൃത നടപടികളിലേക്കും നീങ്ങാനുള്ള സമ്മതമായി ഭരണകൂടം കാണാനിടവരരുത്. തൽക്കാലത്തേക്ക് ഈ യുവാക്കളെ തല്ലുന്നതിനു ചിലപ്പോൾ ചിലരെങ്കിലും കൈയ്യടി നൽകുന്നുണ്ടാകും. എന്നാൽ അവരറിയുന്നില്ല പ്രാകൃത സമൂഹിക വ്യവസ്ഥയെ കൈയ്യടിച്ച് സ്വീകരിക്കുകയാണ് അതുവഴിയെന്ന്.

Tags