മുഖ്യമന്ത്രി ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ തന്നെ മുഖ്യമന്ത്രിയാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും അതിന്റേതായ വിലയുണ്ടായിരിക്കണം. രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച കഥകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്നും യാഥാര്‍ഥ്യത്തിന് നിരക്കാത്ത വാര്‍ത്തകള്‍ എഴുതി മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കുകയുമാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഈയിടെ പറയുകയുണ്ടായി. ബോധപൂര്‍വം അസത്യം പറയുകയും വസ്തുതകള്‍ മറച്ചു വെക്കുകയും പിന്നീട് അതിന്റെ പഴി മാധ്യമങ്ങള്‍ക്ക് മേല്‍ ചുമത്തുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.
കേരളയാത്രയ്ക്കൊടുവില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എന്ന മാധ്യമ പ്രചരണം തുടങ്ങിവച്ചത് എ ഗ്രൂപ്പിലെ ചിലരാണെന്നാണ് നിഗമനം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള രണ്ട് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ രമേശിനെ നേരിട്ടു കണ്ട് ചര്‍ച്ച ചെയ്ത് വിഷയത്തിന്റെ ഗൌരവം കൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം നടന്ന ഈ കൂടിക്കാഴ്ചയില്‍ രമേശിനെ മന്ത്രിസഭാപ്രവേശനത്തിന് ഇവര്‍ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. കരുതിക്കൂട്ടി തയാറാക്കിയ ഒരു നാടകമായിരുന്നു ചെന്നിത്തലയുടെ മന്ത്രിസഭപ്രവേശനം. മാത്രമല്ല കെ.പി.സി.സി പ്രസിഡന്റിനെ മനപൂര്‍വം അപമാനിക്കുന്നതിനു മുഖ്യമന്ത്രി തന്നെ ചരട് വലിച്ചു എന്ന് വിശ്വസിക്കുകയാണ് ഐഗ്രൂപ്പ്.
തന്റെ മന്ത്രിസഭാപ്രവേശം സംബന്ധിച്ച് പരസ്യമായി അഭിപ്രായം പറയാന്‍ തനിക്ക് മേല്‍ നിയന്ത്രണങ്ങളുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് പറയേണ്ടിടത്ത് പറയും. വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പറഞ്ഞത് പോലെ മന്ത്രി സഭാ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായതൊന്നും മാധ്യമ സൃഷ്ടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി വാക്ക് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതൊരു മാധ്യമ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി.
ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദവിക്കെതിരെ ലീഗ് നേതൃത്വത്തെ നിരത്തിയതിലെ മുഖ്യസൂത്രധാരനും ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിക്ക് സമൂഹത്തില്‍ നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുക്കേണ്ടത് അദ്ധേഹത്തിന്റെ ഉത്തരവാദിത്വമാണ്. തനിക്ക് പറ്റിപ്പോയ അബദ്ധം തിരുത്തുന്നതിനും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി പ്രതിജ്ഞാബദ്ധനാണ്. ബോധപൂര്‍വമുള്ള അസത്യപ്രസ്താവന മുഖ്യമന്ത്രിയുടെമേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യും. മന്ത്രിസഭ പ്രവേശനം സംബദ്ധിച്ച് വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്നുള്ള കാര്യം തീര്‍ച്ച.